ദേര സച്ച സൗദ : ഐടി മേധാവിയടക്കം മൂന്നുപേർ അറസ്റ്റിൽ

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ പ്രതിയായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് നടന്ന റെയ്ഡിനെത്തുടർന്ന് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഐ.ടി മേധാവി വിനീത് കുമാര്‍ , ആഡംബര വാഹനഡ്രൈവര്‍, ദേര സച്ചാ അംഗം എന്നിവരാണ് അറസ്റ്റിലായത്.

കോടതിയുടെ മേല്‍നോട്ടത്തില്‍ ദേരാ ആസ്ഥാനത്ത് നടന്ന പരിശോധനയ്ക്ക് തൊട്ടുമുമ്പ് അവിടുത്തെ കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ നീക്കം ചെയ്തുവെന്ന് കണ്ടെത്തിയിരുന്നു.പരിശോധനയ്ക്ക് തൊട്ടുമുമ്പ് ദേരാ ആസ്ഥാനത്തെ നിരവധി കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌കുകള്‍ ഇളക്കിമാറ്റിയതായും സുപ്രധാന വിവരങ്ങള്‍ കമ്പ്യൂട്ടറുകളില്‍നിന്ന് നീക്കം ചെയ്തതായും കണ്ടെത്തിയിരുന്നു.തുടർന്നാണ് വിനീത് കുമാറിനെ അറസ്റ്റ് ചെയ്തത്.

ഗുര്‍മീതിന് തടവുശിക്ഷ ലഭിച്ച കഴിഞ്ഞമാസം 28 ന് ദേര സച്ചാ ഉടമസ്ഥതയിലുള്ള ആഡംബര വാഹനം തീ വച്ച്നശിപ്പിച്ചിരുന്നു. ഇത് തെളിവ് നശിപ്പിക്കാൻ ഇടയാക്കിയെന്ന കുറ്റം ചുമത്തിയാണ് ഡ്രൈവറെ രാജസ്ഥാനില്‍നിന്ന് അറസ്റ്റ് ചെയ്തത്. ദേരാ അംഗമായ ഭാഗ് സിങ് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 14 ലക്ഷംരൂപയും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.

ഗുര്‍മീത് റാം റഹീം സിങ്ങ് ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദേരാ ആസ്ഥാനത്ത് കോടതി മേല്‍നോട്ടത്തില്‍ പോലീസ് പരിശോധന നടത്തിയത്.ഗുർമീതിനു 20 വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്

Shares 274
Close