പ്രവാസി വിവാഹങ്ങൾക്ക് ആധാർ നിർബന്ധമാക്കാൻ ശുപാർശ

ന്യൂഡല്‍ഹി: പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ട സംഘം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനാണ് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയത്.

വിവാഹശേഷം ഭാര്യമാരെ ഉപേക്ഷിക്കുന്നത്, സ്ത്രീധന പീഡനം തുടങ്ങിയവ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാർഗമായാണ് വിവാഹങ്ങൾക്ക് ആധാർ നിർബന്ധമാക്കാനുള്ള ശുപാർശ നൽകിയിരിക്കുന്നത്.

ഗാർഹിക പീഡനക്കേസുകളിലും മറ്റും ഉൾപ്പെട്ട കുറ്റവാളികളെ മറ്റു രാജ്യങ്ങളിൽനിന്നു വിട്ടുകിട്ടുന്നതിനുള്ള കരാറിൽ ഭേദഗതി വരുത്തണമെന്നും ശുപാർശ നൽകിയിട്ടുണ്ട്.വിവാഹശേഷം വിദേശത്തേക്കു പോകുന്ന പലരെയും പിന്നീട് ഏതെങ്കിലും കുറ്റത്തിനു കണ്ടെത്തുന്നതിനു ബുദ്ധിമുട്ടാണെന്നു വനിതാ ശിശുക്ഷേമ മന്ത്രാലയ വക്താവും അറിയിച്ചു.

എൻആർഐ, ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ, പഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ തുടങ്ങിയവർ ഇന്ത്യയിൽ വച്ചു നടത്തുന്ന വിവാഹങ്ങൾക്കും ആധാർ നിർബന്ധമാക്കും.

Close