റിയാദ്: സൗദി അറേബ്യയിൽ ഇന്റർനെറ്റ് കോളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു. ഇന്റർനെറ്റ് ഓഡിയോ, വീഡിയോ കോളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് അടുത്ത ബുധനാഴ്ച മുതൽ ഔദ്യോഗികമായി നീക്കുന്നത്.
വാട്സ് ആപ്പ്, സ്കൈപ്പ്, വൈബർ ഉൾപ്പെടെയുള്ള ഇന്റർനെറ്റ് വീഡിയോ, ഓഡിയോ കോളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അടുത്ത ബുധനാഴ്ച സൗദി അറേബ്യ ഔദ്യോഗികമായി നീക്കുന്നു. കമ്മ്യൂണിക്കേഷൻസ്, ഐ.ടി വകുപ്പുകളുടെ മന്ത്രിയായ അബ്ദുള്ള അൽ സവാഹയാണ് ഇക്കാര്യം അറിയിച്ചത്.
സ്വദേശികൾക്കും വിദേശികൾക്കും പുതിയ മാറ്റത്തിന്റെ ആനുകൂല്യം ലഭ്യമാക്കാൻ രാജ്യത്തെ കമ്യൂണിക്കേഷൻസ് & ഇൻഫർമേഷൻ ടെക്നോളജി കമ്മീഷനും ടെലികോം സർവ്വീസ് ദാതാക്കളും ഇത് സംബന്ധിച്ചുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഏവർക്കും മാറ്റത്തിന്റെ ഗുണഫലം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മികച്ച നിലവാരത്തിൽ ഇന്റർനെറ്റ് ഓഡിയോ, വീഡിയോ കോളുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ടെലികോം കമ്പനികൾ ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. ഉപഭോക്താവിന് പ്രഥമ പരിഗണന നൽകുകയെന്ന തത്വത്തിലൂന്നിയാണ് രാജ്യവും ടെലികോം കമ്പനികളും പ്രവർത്തിക്കുന്നതെന്നും അബ്ദുള്ള അൽ സവാഹ കൂട്ടിച്ചേർത്തു.