സാമൂഹ്യ സേവനത്തിന്റെ ദേശ്മുഖ് മാതൃക

സാമൂഹ്യ സേവനത്തിന്റെ ദേശ് മുഖ് മാതൃക ആദർശ നിഷ്ടയുള്ള സാമൂഹ്യ സേവകൻ അതായിരുന്നു നാനാജി ദേശ്മുഖ് . ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് ഗവേഷണത്തിനായി സ്വന്തം ശരീരം വിട്ടു നൽകി മരണാനന്തരവും തന്റെ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച മഹാനായിരുന്നു അദ്ദേഹം . ഭാരതത്തിലെ ആദ്യ ഗ്രാമീണ സർവകലാശാല സ്ഥാപിച്ച ചണ്ഢികാദാസ് അമൃതറാവു ദേശ്മുഖ് എന്ന നാനാജി ദേശ്മുഖിന്റെ 101 -ം ജന്മവാർഷികമാണിന്ന് .

1916 ൽ മഹാരാഷ്‌ട്രയിൽ ഹിംഗോളിയിൽ ജനിച്ച ദേശ്മുഖ് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉന്നത പഠനം നടത്തിയത് ബിർല ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു . ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുടുംബമായിരുന്നു ദേശ്മുഖിന്റേത് . ഡോ ഹെഡ്ഗേവാറുമായുള്ള സമ്പർക്കമാണ് നാനാജിയെ ആർ.എസ്.എസ് പ്രചാരകനാക്കി മാറ്റിയത് . ഉത്തർ പ്രദേശിൽ സംഘടനാ പ്രവർത്തനത്തിന് നിയോഗിക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ട് ആർ.എസ്.എസിന് സംസ്ഥാനത്ത് വൻ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു .

ഭാരതീയ ജനസംഘം സ്ഥാപിതമായപ്പോൾ അദ്ദേഹം ഉത്തർപ്രദേശ് ഘടകത്തിന്റെ ജനറൽ സെക്രട്ടറിയായി .ഉത്തർപ്രദേശിൽ ജനസംഘത്തെ ശക്തമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളായ രാം മനോഹർ ലോഹ്യയുമായും ജയപ്രകാശ് നാരായണുമായും ചരൺ സിംഗുമായുമുള്ള നാനാജിയുടെ ബന്ധം ഇന്ത്യയിലെ ആദ്യ കോൺഗ്രസിതര സർക്കാരിനു തുടക്കം കുറിക്കുന്നതിൽ വലിയ പങ്കു വഹിച്ചു .

അടിയന്തിരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണനെ പോലീസ് മർദ്ദനത്തിൽ നിന്ന് നാനാജി രക്ഷിച്ചത് സ്വന്തം ശരീരം മറയാക്കിയായിരുന്നു . ഇതിനു പകരമായി മൊറാർജി മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും നാനാജി അത് നിരസിക്കുകയാണുണ്ടായത് .

1980 ൽ രാഷ്‌ട്രീയ പ്രവർത്തനത്തിൽ നിന്നും പിൻ വാങ്ങിയ നാനാജി പിന്നീടുള്ള കാലം സാമൂഹ്യ സേവനത്തിനു വേണ്ടി ജീവിച്ചു . രാജാവായ രാമനെക്കാൾ വനവാസിയായ രാമനെയാണ് താനിഷ്ടപ്പെടുന്നതെന്ന് പ്രഖ്യാപിച്ച് ദരിദ്രരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു . അങ്ങനെയാണ് ഭാരതത്തിലെ ആദ്യ ഗ്രാമീണ സർവകലാശാല പിറവിയെടുക്കുന്നത് . ദീനദയാൽ ഗവേഷണ കേന്ദ്രം സ്ഥാപിച്ചതും അദ്ദേഹമാണ് .

ബുന്ദേൽ ഖണ്ഡിലെ 150 ൽ പരം ഗ്രാമങ്ങളുടെ ജീവിതസാഹചര്യം മാറ്റാൻ അദ്ദേഹത്തിനായി . 1999 ൽ രാഷ്‌ട്രം പദ്മ വിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു .വാർദ്ധക്യ സഹജമായ അസുഖം മൂലം 2010 ഫെബ്രുവരി 27 ന് നാനാജി അന്തരിച്ചു .ഭൗതിക ശരീരം ഗവേഷണത്തിനായി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനു നൽകപ്പെട്ടു .

ഗ്രാമീണ ഭാരതത്തിന്റെ സ്വാഭിമാനത്തിനും സ്വയം പര്യാപ്തതയ്‌ക്കും വേണ്ടി ജീവിതം സമർപ്പിച്ച നാനാജി ദേശ്മുഖിന് ജനം ടി വിയുടെ പ്രണാമങ്ങൾ

Close