സൗദിയിൽ നിക്ഷേപക സന്നദ്ധരായ വനിതകളുടെ എണ്ണത്തിൽ വൻ വർധന

റിയാദ് : സൗദി അറേബ്യയിൽ നിക്ഷേപമിറക്കാൻ സന്നദ്ധരായ വനിതകളുടെ എണ്ണം ലക്ഷത്തോടടുക്കുന്നു.വൻകിട പദ്ധതികളിൽ ഉന്നം വയ്ക്കുന്ന വനിതാ സംരംഭകർ തൊഴിൽ രംഗത്തും, വ്യാപാര മേഖലയിലും കൂടുതൽ കരുത്താർജിക്കാനാണ് തയാറെടുക്കുന്നത്.

വിഷൻ 2030 ന്റെ ഭാഗമായി വനിതാ സംരംഭകർക്ക്‌ ഒട്ടേറെ അവസരങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്.രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികളിൽ സ്ത്രീകൾക്കും അവസരം നൽകിയത് വനിതാ സംരംഭകരുടെ എണ്ണം വർധിക്കുവാൻ ഇടയാക്കിയിട്ടുണ്ട്.

87575 സ്ത്രീകൾ വൻകിട  പദ്ധതികളിൽ സഹകരിക്കാൻ സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട്.റിയാദിൽ 20086 ഉം,ജിദ്ദയിൽ 13826 ഉം,മക്കയിൽ 5098 ഉം,മദീനയിൽ 4400 ഉം,താഇഫിൽ 3861ഉം  സ്ത്രീകളാണ്  അധികൃതരെ സമീപിച്ചിരിക്കുന്നത്.

വരും കൊല്ലങ്ങളിൽ വനിതാ സംരംഭകരുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നാണ് പ്രതീക്ഷ.അതുപോലെ സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകാൻ തീരുമാനിച്ചതോടെ കൂടുതൽ വനിതകൾ,വ്യാപാര മേഖലയിലും,തൊഴിൽ രംഗത്തും സജീവമാകും.സ്ത്രീകൾക്ക് വേണ്ടിയുള്ള അംഗീകൃത ഡ്രൈവിങ് സ്‌കൂളുകൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം.

സഹായ വാഗ്ദാനവുമായി മുന്നോട്ട് വരുന്ന അനധികൃത സ്ഥാപനങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.ആഭ്യന്തരം,ധനകാര്യം,തൊഴിൽ എന്നീ വകുപ്പുകൾ സംയുക്തമായി സ്ത്രീകൾക്കുള്ള ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

 

 

Shares 111
Close