എന്നാലും ചതിച്ചല്ലോ സഖാവേ ! നാണക്കേട് മറയ്ക്കാൻ ബലറാമിന്റെ പൂഴിക്കടകൻ

സാമൂഹ്യമാദ്ധ്യമത്തിലെ കോൺഗ്രസ് താരമായ ഹരിത എം.എൽ.എ രണ്ടു ദിവസമായി മൗനത്തിലായിരുന്നു . സോളാറിൽ അഹമഹമികയാ നേതാക്കൾ കുടുങ്ങുമ്പോൾ ഫേസ്ബുക്കിൽ എങ്ങനെ മുഖം രക്ഷിക്കും എന്ന ഗവേഷണത്തിലായിരുന്നു അദ്ദേഹമെന്നാണ് ജനസംസാരം . കണ്ണിൽച്ചോരയില്ലാത്ത എതിരാളികളാകട്ടെ എത്ര വിക്കറ്റ് പോയി എന്ന ചോദ്യവുമായി ഹരിത എം.‌എൽ.എ യെ നിലത്തു നിർത്താതെ ട്രോളുകയും ചെയ്തു .

കോൺഗികൾക്ക് പുറമേ സുഡാപ്പികളുടേയും കമ്മികളുടെയും സഖാപ്പികളുടേയും അമാനവ ജിഞ്ചർ തുടങ്ങി മുള്ളുമുരുക്ക് മൂർഖൻ പാമ്പുകളുടെയെല്ലാം കയ്യടി നേടാൻ ആർ.എസ്.എസ്- ബിജെപി വിരുദ്ധതയായിരുന്നു ടിയാന്റെ തുറുപ്പ് ചീട്ട് . രാഷ്ട്രീയത്തിനുപരിയായി സോഷ്യൽ മീഡിയയിലെ ആർ.എസ്.എസ് – ബിജെപി വിരുദ്ധരുടെ ഇഷ്ടതാരമാകാൻ അധിക നാൾ വേണ്ടി വന്നതുമില്ല.

എങ്കിലും കേരളത്തെ സംബന്ധിച്ചിടത്തോളം വല്ലപ്പോഴുമെങ്കിലും സിപിഎമ്മിന്റെ രണ്ട് കുറ്റം പറഞ്ഞില്ലെങ്കിൽ സീതാരാമനും രാഹുലനും തമ്മിലുള്ള ബന്ധമാണ് ‌ ഇവിടെയുമെന്ന് ആളുകൾ ധരിക്കുമല്ലോ. അതുകൊണ്ട് ഇടയ്ക്ക് സിപിഎമ്മുകാർക്കൊരു ചുണ്ടയ്ക്ക അവരുടെ വക വഴുതനങ്ങ  അങ്ങനെ പരസ്പര സഹായ സംഘങ്ങളായി ഇരുകൂട്ടരും മുന്നോട്ടു പോകുമ്പോഴാണ് പിണറായി സഖാവിന്റെ സോളാർ ചതി വരുന്നത് .

സാമൂഹ്യ മാദ്ധ്യമങ്ങളിൽ പാടത്തു പണിയും വരമ്പത്ത് കൂലിയുമാണെന്ന് കൃത്യമായി അറിയാവുന്ന ബലരാമൻ രണ്ട് ദിവസത്തെ മൗനത്തിനു ശേഷം അങ്കത്തട്ടിലേക്ക് ചാടിയിറങ്ങുക തന്നെ ചെയ്തു . നാണം കെട്ട അഴിമതികളിൽ നാറി നിൽക്കുമ്പോൾ കോൺഗ്രസ് ആണെന്ന് പറയാൻ യുവാക്കൾ മടിക്കുന്ന കാലത്ത് ധൈര്യമായി കോൺഗ്രസുകാരൻ ആണെന്ന് പറഞ്ഞ് നിന്നതിന്റെ തൊലിക്കട്ടിയുള്ളപ്പോൾ പേടിക്കേണ്ടല്ലോ.

സംഗതി പൂഴിക്കടകനായിരുന്നു . ടിപി വധത്തിലെ ഗൂഢാലോചന അന്വേഷിക്കാതെ അന്ന് ഒത്തുതീർപ്പ് രാഷ്ട്രീയം കളിച്ചതിന്റെ ദുരനുഭവമാണ് ഇപ്പോൾ കിട്ടിയതെന്നായിരുന്നു പൂഴിക്കടകൻ ഫേസ്ബുക്ക് പോസ്റ്റിന്റെ രത്നച്ചുരുക്കം . ദോഷം പറയരുതല്ലോ , ആർ.എസ്.എസ് – ബിജെപി വിരുദ്ധനാണ് താനെന്നും സിപിഎം ഇപ്പോൾ ബിജെപിയെ വളർത്തുകയാണെന്നും പറഞ്ഞ് തന്റെ സ്ഥിരം പിണുവടിക്കാരെ തൃപ്തിപ്പെടുത്താനും ഇഷ്ടൻ മറന്നില്ല.

പക്ഷേ പൂഴിക്കടകനെടുത്ത് മണ്ണ് വാരി എതിരാളിയുടെ കണ്ണിലിടാൻ നോക്കിയെങ്കിലും സംഗതി പാളി സ്വന്തം കണ്ണിൽ കൂടി വീണെന്ന അവസ്ഥയായി ഇപ്പോൾ . തങ്ങളെന്തായാലും ചെളിയിലായല്ലോ ഇനിയിപ്പോ തിരിച്ചു കേറാൻ പറ്റുന്നില്ലെങ്കിൽ പിണറായിയെക്കൂടി പിടിച്ച് ചെളിയിലിടാമല്ലോ എന്ന ഞുണുക്കു വിദ്യയായിരുന്നു തച്ചോളി ബലരാമൻ പ്രയോഗിച്ചത് .

ഇതിപ്പോൾ ജനത്തിന് കല്ലും നെല്ലും നന്നായി തിരിച്ചറിയാൻ പറ്റിയെന്നതാണ് പ്രധാനം . ഇടതും വലതും ഇതുവരെ അഡ്ജസ്റ്റ്മെന്റ് നടത്തുകയായിരുന്നുവെന്ന് പറഞ്ഞ് നടന്ന ബിജെപിക്കാർക്ക് കിട്ടിയ ഒരു ബോണസുമായി ബലരാമന്റെ നിലവിളി മാറിയിരിക്കുകയാണ് . ടിപി വധക്കേസിലെ ഗൂഢാലോചനയിൽ ഒത്തുതീർപ്പുണ്ടായി എന്ന് പറയുമ്പോൾ അത് വളരെ ഗുരുതരമായ കാര്യമാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്ക് ഗൂഢാലോചനയിലുള്ള പങ്ക് അന്ന് ആരോപണ വിധേയവുമായിരുന്നു.

ഒത്തുതീർപ്പുണ്ടായപ്പോൾ സ്വാഭാവികമായും കൊലക്കേസിൽ നിന്നാണ് സിപിഎം നേതാക്കൾ രക്ഷിക്കപ്പെട്ടിരിക്കുന്നത് . ഇതിനു പകരമായി സോളാർ സമരത്തിൽ അഡ്ജസ്റ്റ്‌മെന്റ് നടത്തിയാണ് സിപിഎം ഉമ്മൻ ചാണ്ടി സർക്കാരിനെ രക്ഷിച്ചതെന്നും വരുന്നു. കൊട്ടിഘോഷിച്ച് നടത്തിയ സെക്രട്ടറിയേറ്റ് വളയൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കളിച്ച നാടകമാണെന്നും തെളിയുന്നു .

കേരളം കണ്ട നിഷ്ഠൂരമായ കൊലപാതകത്തിൽ നിന്നും അഴിമതിയിൽ നിന്നും ഇടത് വലത് മുന്നണികൾ ജനങ്ങളെ പറ്റിച്ച് പരസ്പരം രക്ഷപ്പെടുത്തുകയാണെന്ന പരമ സത്യമാണ് ബലരാമൻ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത് . എന്നാൽ മുഖം രക്ഷിക്കാൻ വേണ്ടി ഇപ്പോൾ ഇതൊക്കെ പറഞ്ഞ ബലരാമൻ കഴിഞ്ഞ വട്ടവും ഈ വട്ടവും എം‌എൽഎ ആണെന്ന കാര്യം കൂടി ഈയവസരത്തിൽ പ്രത്യേകം സ്മരണീയമാണ് .

അതിന്റെ അർത്ഥം ഈ അഡ്ജസ്റ്റ്‌മെന്റും പരസ്പരം രക്ഷപ്പെടുത്തലും അറിയാമായിരുന്നിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങി ജനങ്ങളെ പറ്റിക്കലായിരുന്നു ബലരാമനും ഇതുവരെ നടത്തിയതെന്ന് സുവ്യക്തം . ചുരുക്കത്തിൽ എതിരാളിയുടെ കണ്ണിൽ മണ്ണ് വാരിയിടാൻ പൂഴിക്കടകനെടുത്ത ഹരിത എം.എൽ.എ എതിരാളിയുടെയും കൂടെ നിൽക്കുന്നവരുടേയും മാത്രമല്ല സ്വന്തം കണ്ണിലും മണ്ണു വാരിയിട്ടിരിക്കുകയാണ് .

ഇത് എത്രകണ്ട് ജനങ്ങളിലെത്തിക്കാൻ കഴിയും എന്നതിന് അനുസരിച്ചിരിക്കും ബിജെപിയുടെ രാഷ്ട്രീയ വിജയം . തങ്ങൾ ഇത്രനാൾ പറഞ്ഞിരുന്ന അഡ്ജസ്റ്റ്‌മെന്റ് ഒരു എം‌എൽഎ തന്നെ സമ്മതിക്കുമ്പോൾ ശരിയാവുന്നത് അവരുയർത്തിയ മുദ്രാവാക്യം കൂടിയാണല്ലോ ..

Close