വധുവാഹനമോടിക്കുമെന്നറിഞ്ഞ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി,വരന്‍റെ മനംമാറ്റം വിവാഹദിവസം

സൗദി: താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി വാഹനമോടിക്കുമെന്നറിഞ്ഞ യുവാവ് വിവാഹത്തില്‍ നിന്ന് പിന്‍മാറി. സൗദി അറേബ്യയിലാണ് സംഭവം.
വിവാഹത്തിന് മിനിറ്റുകള്‍ക്ക് മുന്‍പാണ് ഈ പിന്‍മാറ്റം. സൗദിയില്‍ അടുത്തവര്‍ഷം ജൂണ്‍മുതല്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സല്‍മാന്‍ രാജാവിന്റെ ഉത്തരവ് അടുത്തിടെയാണ് വന്നത്.

ലോകരാജ്യങ്ങള്‍ സ്വാഗതം ചെയ്ത തീരുമാനത്തെ തുടര്‍ന്ന് സൗദിയിലെ സ്ത്രീകള്‍ക്കിടയില്‍ ഇത് വലിയ ആഘോഷത്തിന് കാരണമാവുകയും ചെയ്തു. ലക്ഷക്കണക്കിനുവരുന്ന പുതിയ വനിതാ ഡ്രൈവര്‍മാരെ ഉള്‍ക്കൊള്ളാനുള്ള തയ്യാറെടുപ്പുകളും രാജ്യത്ത് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പുതിയ സംഭവം.

നിരോധനം മാറിയതിനുശേഷം മകളെ വാഹനമോടിക്കാന്‍ അനുവദിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതിശ്രുത വരനോട് ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം കേട്ട ഇയാള്‍ ക്ഷുഭിതനായി സ്ഥലം വിടുകയായിരുന്നു. 40000 റിയാല്‍ സ്ത്രീധനത്തിനും, വിവാഹ ശേഷം വധുവിനെ ജോലിക്ക് പോകാന്‍ അനുവദിക്കാമെന്നും സമ്മതിച്ചാണ് ഇയാള്‍ വിവാഹത്തിന് തയ്യാറായത്.

ബന്ധുക്കള്‍ അനുനയത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സൗദിയില്‍ നിലവിലെ രീതിയനുസരിച്ച് സ്ത്രീകള്‍ക്ക് പഠിക്കാനും,യാത്രചെയ്യാനും, ജോലി ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങള്‍ക്കും പിതാവ്, ഭര്‍ത്താവ്, അല്ലെങ്കില്‍ സഹോദരന്‍ എന്നിവരില്‍ ആരുടെയെങ്കിലും സമ്മതം ആവശ്യമാണ്. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ ഇവരില്‍ ആരുടെയെങ്കിലും സമ്മതം വേണമോ എന്ന് വ്യക്തമല്ല.

അതേസമയം, അടുത്തവര്‍ഷം ജൂണ്‍ മാസത്തിന് മുന്‍പ് വാഹനമോടിക്കുന്ന സ്ത്രീകള്‍ക്ക് പിഴ ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 499 റിയാല്‍ മുതല്‍ 896 റിയാല്‍ വരെയായിരിക്കും പിഴ.

Close