സൗദി കൂടുതല്‍ മേഖലകളില്‍ സ്വദേശവത്കരണം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു

സൗദി: സൗദി അറേബിയയില്‍ വിദേശികള്‍ കയ്യടക്കി വെച്ചിരിക്കുന്ന ഏതാനും മേഖലകള്‍ കൂടി സ്വദേശികള്‍ക്ക് നല്‍കുവാന്‍ നീക്കം.സ്വദേശവത്കരണം നടപ്പിലാക്കിയ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കും.സമ്പൂര്‍ണ്ണ സ്വദേശവത്കരണം നടപ്പിലാകും വരെ നടപടി തുടരുമെന്ന് അധികൃതര്‍.

സ്വദേശി പൗരന്മാര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കും വരെ മികച്ച ജോലികളില്‍ നിന്ന് വിദേശികളെ മാറ്റി നിര്‍ത്തുവാനാണ് തീരുമാനം.നിലവില്‍ ഒട്ടുമിക്ക വിദഗ്ധ ജോലികളും ചെയ്യുന്നത് വിദേശികളാണ്.ഇത് പൂര്‍ണമായും ഒഴിവാക്കാനാണ് അധികൃതര്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്.

മാധ്യമപ്രവര്‍ത്തനം,മാര്‍ക്കറ്റിംഗ്,കംപ്യുട്ടര്‍ ജോലികള്‍ എന്നീ മേഖലകളില്‍ നിന്ന് പൂര്‍ണമായും വിദേശികളെ ഒഴിപ്പിക്കാനുള്ള നീക്കമാരംഭിച്ചിട്ടുണ്ട്.വാഹന വ്യാപാര മേഖലയിലും,ഫര്‍ണിച്ചര്‍ വ്യാപാര മേഖലയിലും സ്വദേശവത്കരണം നടപ്പിലാക്കും.പച്ചക്കറി വില്പ്പന സ്വദേശികള്‍ക്ക് മാത്രമേ അനുവദിച്ചിട്ടുള്ളൂ.

എന്നാല്‍ കാര്‍ഷിക മേഖലയില്‍ വിദേശികള്‍ക്ക് ജോലി ചെയ്യാന്‍ അനുവദിക്കും.സ്വദേശവത്കരണം മൂലം ജോലി നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ സ്‌പോണ്‍സറിലേക്ക് മാറുവാനോ ഇക്കാമ പുതുക്കുവാനോ സാധ്യമാകില്ല.നേരത്തെ ഒട്ടേറെ മേഖലകളില്‍ സ്വദേശവത്കരണം നടപ്പിലാക്കിയിരുന്നു.

സ്വദേശവത്കരണം കൊണ്ട് ജോലി നഷ്ടപ്പെടുന്ന വിദേശികള്‍ അവരവരുടെ നാടുകളിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്.എന്തായാലും സ്വദേശികളുടെ തൊഴിലില്ലായ്മക്ക് പൂര്‍ണ്ണ പരിഹാരം കാണുവാനാണ് അധികൃതരുടെ തീരുമാനം.

Shares 385
Close