കോട്ടയം : ടി പി കേസിൽ തനിക്ക് അറിയാവുന്നത് എല്ലാം ഹൈക്കോടതിക്കു മുന്നിൽ തുറന്നു പറയാൻ വി ടി ബലറാം എം എൽ എ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് സംബന്ധിച്ച് വി ടി ബലറാമിനെ പൊലീസ് ചോദ്യം ചെയ്യണം.കേസിലെ നടപടി ത്വരിതപ്പെടുത്താനും തയ്യാറാകണം.
ടി പി കേസിലെ ഒത്തു തീർപ്പ് എന്തായിരുന്നുവെന്ന് മുന്നണികൾ വെളിപ്പെടുത്തണം. കേസിൽ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു.
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാതെ രാഷ്ട്രീയ ഒത്തുതീർപ്പുണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമാണ് സോളാർ റിപ്പോർട്ടിന്മേലുള്ള അന്വേഷണമെന്ന് കഴിഞ്ഞ ദിവസം വി ടി ബലറാം എം എൽ എ ഫേസ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു.
ഇതിനെക്കുറിച്ചുള്ള പ്രതികരണത്തിലാണ് കുമ്മനം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബിജെപി യുടെ ജനരക്ഷായാത്രക്ക് കോട്ടയത്ത് വൻ സ്വീകരണമാണ് ലഭിക്കുന്നത്.