തിരുവനന്തപുരം:ശക്തമായ മഴയെത്തുടര്‍ന്ന് ആശങ്കയിലാണ് തിരുവനന്തപുരത്തെ ക്രിക്കറ്റ് പ്രേമികള്‍. നാളെ വൈകിട്ട് 7 മണിക്ക് ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം നടക്കാനിരിക്കെ തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുകയാണ്. നാളെയും മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴ പെയ്താലും വെളളം കെട്ടിനില്‍ക്കാത്ത ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാമാണ് സ്റ്റോഡിയത്തിലുളളത്. പിച്ചുകള്‍ പൂര്‍ണമായും മൂടിയിട്ടുണ്ട്.
നാളെ വൈകിട്ട് 4 മണിമുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. 45,000 പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ കളികാണാന്‍ സാധിക്കുക. ഇതിനോടകം തന്നെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിച്ചുകഴിഞ്ഞു.ഓണ്‍ലൈനിലൂടെ മാത്രം 20,000 ടിക്കറ്റുകളാണ് വിറ്റ് പോയത്.
അതേസമയം മത്സരത്തിനായി ഇരു ടീമുകളും ഇന്നലെ തന്നെ തിരുവനന്തപുരത്തെത്തി. ആവേശകരമായ സ്വീകരണമാണ് ടീമുകള്‍ക്ക് വിമാനത്താവളത്തില്‍ ലഭിച്ചത്.
രാജ്കോട്ടില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ അര്‍ദ്ധരാത്രി 12.20 ഓടെയാണ് താരങ്ങള്‍ എത്തിയത്. രാത്രി വൈകിയും വിമാനത്താവളത്തില്‍ കാത്തുനിന്ന ക്രിക്കറ്റ് ആരാധകര്‍ വന്‍ കരഘോഷത്തോടെയാണ് തങ്ങളുടെ പ്രിയ താരങ്ങളെ വരവേറ്റത്.