ന്യൂഡൽഹി : രാജ്യത്തെ ന്യൂനപക്ഷം ആരാണെന്ന് കൃത്യമായി നിർവചിച്ച് വിജ്ഞാപനമിറക്കണമെന്നാവശ്യപ്പെട്ട് ബിജെ.പി നേതാവ് അഡ്വ അശ്വനി കുമാർ ഉപാധ്യായ് . ഇതിനായി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തേയും ന്യൂനപക്ഷ കമ്മീഷനേയും സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം.
1993 ൽ കോൺഗ്രസ്സ് സർക്കാർ ന്യൂനപക്ഷങ്ങളെ നിശ്ചയിച്ച് പുറത്തിറക്കിയ വിജ്ഞാപനം ഹിന്ദുക്കളെ വിഘടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്ത് ജമ്മുകാശ്മീർ അടക്കമുള്ള 8 സംസ്ഥാനങ്ങളിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നാവശ്യപെട്ട് നല്കിയ ഹർജിയിന്മേൽ സുപ്രീം കോടതി നല്കിയ നിർദ്ദേശത്തെ തുടർന്നാണ് അശ്വനി കുമാർ ഉപാധ്യായ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തേയും ദേശീയ ന്യൂനപക്ഷ കമ്മീഷനേയും സമീപിക്കാനൊരുങ്ങുന്നത്.
രാജ്യത്തെ ന്യൂനപക്ഷങ്ങൾ ആരാണെന്നും, ഒരു വിഭാഗത്തെ ന്യൂനപക്ഷമായി പ്രഖ്യാപിക്കുന്നതിന്റെ മാനദണ്ഡമെന്താണെന്നും വിശദമാക്കിയുള്ള വിജ്ഞാപനം ഇറക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. ന്യൂനപക്ഷങ്ങളെ സംസ്ഥാനാടിസ്ഥാനത്തിൽ പുനക്രമീകരിക്കണമെന്നും ഇതിനായൊരു മാനദണ്ഡം ഭരണ ഘടനയിലില്ലാ എന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.
1993 ലാണ് മുസ്ലീം ക്രിസ്ത്യൻ, സിക്ക്, പാർസി, ജൈൻ, ബുദ്ധ വിഭാഗങ്ങളെ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിച്ചത്. ഇത് ഹിന്ദുക്കളെ വിഘടിപ്പികാനും ഹിന്ദു മുസ്ലീം ശത്രുത വളർത്താനുമുള്ള കോൺഗ്രസ്സിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു
രാജ്യത്ത് സമത്വമുറപ്പാക്കാൻ എകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.