ന്യൂഡല്‍ഹി : ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.
ജസ്റ്റിസ് ആര്.കെ.അഗര്‍വാള്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്ഥാവിക്കുക. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എ.എം.ഖാന്‍വില്‍കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ഹര്‍ജി കോടതിയലക്ഷ്യമാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കരിവാരി തേക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും ഇന്നലെ നടന്ന വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടിരുന്നു. നീണ്ട ഒന്നരമണിക്കൂര്‍ നേരത്തെ വാദത്തിനു ശേഷമാണ് ഹര്‍ജി വിധിപറയാന്‍ മാറ്റിയത്.
സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ ഒഡിഷ മുന്‍ ഹൈക്കോടതി ജഡ്ജി ഐ.എം.ഖുദുസിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സുപ്രീംകോടതി ജഡ്ജിക്ക് വരെ കൈക്കൂലി വിഷയത്തില്‍ പങ്കുണ്ടെന്ന ആരോപണം പരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജി ഭരണഘടനാബെഞ്ചിന് വിട്ട ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ രണ്ടംഗബെഞ്ചിന്റെ ഉത്തരവ് നാടകീയ സംഭവങ്ങള്‍ക്കിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഭരണഘടന ബെഞ്ച് റദ്ദാക്കിയത് വിവാദമായിരുന്നു.