ഓരോ മണ്ഡല കാലം പിറക്കുന്നതും അയ്യപ്പ ഭക്തിഗാനങ്ങളുടെ പുതിയ ഈണങ്ങൾ കേട്ടുകൊണ്ടാണ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനുള്ളിൽ അയ്യപ്പനെ സ്തുതിച്ചുകൊണ്ടുള്ള 1000 ത്തോളം ഭക്തിഗാന ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇവയിലെ നൂറുകണക്കിന് ഭക്തിഗാനങ്ങൾ ഇന്നും ജനപ്രിയമാണ്.
മലയാള ചലച്ചിത്ര ഗാനരംഗത്തെ കുലപതികളായ വയലാർ രാമവർമ്മ – ദേവരാജൻ കൂട്ടുകെട്ട് തന്നെയാണ് അയ്യപ്പ ഭക്തിഗാന ശാഖയിലും ആദ്യ സംഭാവനകൾ നൽകിയത്. ചെമ്പരത്തി എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ ‘ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ’ എന്ന ഗാനം അന്ന് വീടുകളിൽ മണ്ഡലകാലത്തു നടത്തിയിരുന്ന അയ്യപ്പ ഭജനയുടെ തനിയാവർത്തനമായി .
https://www.youtube.com/watch?v=1wHw-IE7DTg
പിന്നീട് ‘സ്വാമി അയ്യപ്പൻ’ എന്ന സിനിമയ്ക്ക് വേണ്ടി ഇതേ കൂട്ടുകെട്ട് ഒരുക്കിയ ഗാനങ്ങളും ഭക്തഹൃദയങ്ങളിൽ ഇടം പിടിച്ചു.
80 കളുടെ ആദ്യപാദത്തിൽ HMV കാസറ്റ്സ് പുറത്തിറക്കിയ “ഗംഗയാർ ” എന്ന ഭക്തിഗാന സമാഹാരം ഭക്തമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി. ചിദംബരനാഥ് -ദക്ഷിണാമൂർത്തി -ഉദയഭാനു -യേശുദാസ് -സമുദ്രൻ എന്നിവരായിരുന്നു ഇതിന്റെ ശിൽപ്പികൾ.
തുടർന്ന് ദക്ഷിണാമൂർത്തിസ്വാമിയുടെ തന്നെ സംഗീതത്തിൽ വന്ന അഭിരാമി ശൈലമേ, കാശിരാമേശ്വരം, ആ ദിവ്യ നാമം എന്നീ ഗാനങ്ങളും ഏറെ ജനകീയമായി. തുടർന്നങ്ങോട്ട് ഓരോ തീർത്ഥാടന കാലഘട്ടത്തിലും ഭക്തിഗാനങ്ങളുടെ കുത്തൊഴുക്കായി .
ഇതിൽ യേശുദാസ് -ആർ കെ ദാമോദരൻ -ടി എസ് രാധാകൃഷ്ണജി-ഗംഗൈ അമരൻ എന്നിവർ ചേർന്നൊരുക്കിയ ശരണ തരംഗിണിയുടെ വിവിധ പതിപ്പുകൾ ഇന്നും ഭക്തർക്ക് ഏറെ ഹൃദ്യമാണ്. മലയാള സംഗീത രംഗത്തെ ഇരട്ട സഹോദരന്മാരായ ജയവിജയന്മാരുടെ സംഗീതവും മണ്ഡലകാലത്തെ ഭക്തിയുടെ ഈണങ്ങളായി.
1995 -മുതൽ എം ജി ശ്രീകുമാർ ഒരുക്കിയ അയ്യപ്പ ഗാനങ്ങളും ഏറെ ജനകീയമായി.
ഇന്നിപ്പോൾ മലയാളത്തിൽ മാത്രം നൂറുകണക്കിന് ആൽബങ്ങളാണ് ഓരോ സീസണിലും പുറത്തിറങ്ങുന്നത്. ഇതുകൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, മറാത്ത, ഹിന്ദി തുടങ്ങിയ അന്യഭാഷകളിലായി നിരവധി അയ്യപ്പ ഭക്തി ഗാനങ്ങൾ ഭഗതമനസ്സുകളിൽ ഭക്തിയുടെ ഭാവരസങ്ങൾ വിരിയിക്കുന്നു.