ലോക സുന്ദരി മാനുഷിയെ പരിഹസിച്ച്​ ശശി തരൂർ; നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: ലോക സുന്ദരി മാനുഷി ഛില്ലറിനെതിരെയുള്ള പരാമർശത്തിൽ ശരി തരൂർ എംപിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍റെ നടപടി. ശശി തരൂർ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. തരൂരിന്‍റെ ട്വിറ്റർ പ്രതികരണത്തിലാണ് നടപടി.

എൻഡിഎ സർക്കാരിന്‍റെ നോട്ട് നിരോധനത്തെ പരിഹസിച്ചുള്ള ട്വീറ്റാണ് ശശി തരൂർ എംപിക്ക് തിരിച്ചടിയായത്. നോട്ട് നിരോധനത്തെ ബുദ്ധിമോശം എന്ന് പരാമർശിച്ചതിനൊപ്പമാണ് ലോക സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട മാനുഷിയെ പരിഹസിച്ചത്.

ഇന്ത്യൻ രൂപയ്ക്ക് ലോകത്താകെ മേധാവിത്വമുണ്ടെന്ന് ബിജെപി തിരിച്ചറിയണം. നമ്മുടെ ചില്ലറ പോലും ലോക സുന്ദരിയായി എന്നായിരുന്നു തരൂരിന്‍റെ പരിഹാസരൂപേണയുള്ള പരാമ‍ർശം. മാനുഷിക്കെതിരായ തരംതാണ പരാമർശത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച ദേശീയ വനിതാ കമ്മീഷൻ തരൂർ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

തരൂരിന്‍റെ പരാമർശത്തിനെതിരെ ട്വിറ്ററിലും മറ്റ് സമൂഹ മാദ്ധ്യമങ്ങളിലും രൂക്ഷവിമർശനമാണ് ഉയരുന്നത്. അനുപം ഖേർ അടക്കമുള്ള പ്രമുഖരും ട്വീറ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ ഛില്ലാർ സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് ശശി തരൂരിന്‍റെ പരാമർശമെന്ന ആരോപണവുമായും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

Shares 10K
Close