മാതാപിതാക്കളുടെ നിർബന്ധം ; മറ്റൊരു യുവാവ് കൂടി ഭീകരവാദം അവസാനിപ്പിച്ചു

കശ്മീർ : സ്വന്തം മാതാപിതാക്കളുടെ കണ്ണീരിനേക്കാൾ വലുതല്ല ഒരു വിശുദ്ധ യുദ്ധവുമെന്ന തിരിച്ചറിവ് ഒരു യുവാവിനെക്കൂടി ഭീകരവാദത്തിൽ നിന്നും പിന്തിരിപ്പിച്ചു.

കശ്മീരിലെ ഭീകരവാദസംഘടനയിൽ ചേർന്ന  തെക്കൻ കശ്മീർ സ്വദേശിയായ യുവാവാണ് സ്വന്തം മാതാപിതാക്കളുടെ സങ്കടം കണ്ട് മനസലിഞ്ഞ് വീട്ടിലേക്ക് മടങ്ങി വന്നത്.

സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത യുവാവാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. യുവാവിനും,കുടുംബത്തിനും സേന ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയില്‍ ചേര്‍ന്ന കശ്മീര്‍ ഫുട്‌ബോള്‍ താരം മജീദ് ഇര്‍ഷാദ് ഖാനും മാതാവിന്റെ കണ്ണീർ കണ്ട് മനസ്സലിഞ്ഞ് ഭീകരവാദം അവസാനിപ്പിച്ച് രണ്ടു ദിവസങ്ങൾക്ക് മുൻപ് സൈന്യത്തിനു മുന്‍പാകെ കീഴടങ്ങിയിരുന്നു.

അതിനു തൊട്ട് പിറകേയാണ് പേര് വെളിപ്പെടുത്താത്ത യുവാവും ഭീകരവാദം അവസാനിപ്പിച്ച് മടങ്ങിവന്നത്.

കശ്മീരിലെ സ്ക്കൂൾ,കോളേജ് വിദ്യാർത്ഥികളെ മയക്കുമരുന്നുകളും മറ്റും നൽകി പാകിസ്ഥാനിലെ ഭീകരസംഘടനകൾ ഭീകരപ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു.ഇത് സ്ഥീരികരിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.

Close