സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ സിപിഎം ഗൂഢ നീക്കം നടത്തുന്നതായി സഹകാര്‍ ഭാരതി

കാസര്‍ഗോഡ് : സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ സിപിഎം ഗൂഢ നീക്കം നടത്തുന്നതായി സഹകാര്‍ ഭാരതി. സഹകരണ ബാങ്കുകള്‍ നിസാര കാരണങ്ങളുടെ പേരില്‍ പിരിച്ച് വിട്ട് സിപിഎം നേതാക്കളെ അഡ്മിനിസ്‌ട്രേറ്റര്‍മാരാക്കി ബാങ്ക് ഭരണം കൈയാളാനാണ് പാര്‍ട്ടിയുടെ ശ്രമം.

കാസര്‍ഗോഡ് ജില്ലയില്‍ 3 സഹകരണ ബാങ്ക് ഭരണ സമിതികള്‍ സര്‍ക്കാര്‍ പിരിച്ചു വിട്ടതിനെ തുടര്‍ന്നാണ് ആരോപണവുമായി സഹകാര്‍ ഭാരതി രംഗത്തെത്തിയിരിക്കുന്നത്.

കാസര്‍ഗോഡ് ജില്ലയിലെ കുമ്പള, കുറ്റിക്കോല്‍ സര്‍വ്വീസ് സഹകരണ ബാങ്കുകളും സീതാംഗോളിയിലെ മുഗു സഹകരണ ബാങ്ക് ഭരണ സമിതിയുമാണ് നിസാര കാരണങ്ങളുടെ പേരില്‍ സര്‍ക്കാര്‍ പിരിച്ചു വിട്ടിരിക്കുന്നത്.

കേരളാ ബാങ്കിന്റെ രൂപീകരണം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ ജില്ലാസംസ്ഥാന സഹകരണ ബാങ്കുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് മുന്നോടിയായാണ് സഹകരണ ബാങ്കുകളിലെ ഭരണ സമിതികളെ പിരിച്ച് വിട്ട് സിപിഎം നേതാക്കളെ അഡ്മിനിസ്‌ട്രേറ്റര്‍മാരാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സഹകാര്‍ ഭാരതി ആരോപിക്കുന്നു.

സീതാംഗോളിയിലെ മുഗു സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ കോടതി ഇടപെട്ട് നിലവിലെ ഭരണ സമിതിയെ തന്നെ അഡ്മിനിസ്‌ട്രേറ്റര്‍മാരാക്കിയത് സിപിഎമ്മിന് തിരിച്ചടിയായിരിക്കുകയാണ്.

ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളെ കൈപ്പിടിയിലൊതുക്കാനുള്ള സിപിഎം നീക്കം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരാനാണ് സഹകാര്‍ ഭാരതിയുടെ തീരുമാനം.

Close