ബീറ്റിൽസിന്റെ ആരാധകൻ പരമ്പരക്കൊലയാളിയായപ്പോൾ കൂടെ നിന്നത് വനിത ബ്രിഗേഡ് : ചാൾസ് മാൻസണിന്റെ ക്രൂരതകൾ ഞെട്ടിപ്പിക്കുന്നത്.

ന്യൂയോർക്ക് : വിഖ്യാത സംവിധായകൻ റോമെൻ പൊളാൻസ്കിയുടെ ഭാര്യയും സിനിമാ താരവുമായ ഷാരോൺ ടെയ്റ്റ് ഉൾപ്പെടെ കൊന്നത് ഒൻപത് പേരേ . ഗർഭിണിയായ ടെയ്റ്റിനെ കൊന്നത് അതി ക്രൂരമായി . അര നൂറ്റാണ്ട് മുൻപ് അമേരിക്കയെ ഞെട്ടിച്ച പരമ്പര കൊലപാതകങ്ങളുടെ സൂത്രധാരൻ ചാൾസ് മാൻസന് ഒടുവിൽ അന്ത്യം ജയിലിൽ തന്നെ.

1969 ലാണ് അമേരിക്കയെ ഞെട്ടിച്ച കുപ്രസിദ്ധമായ കൊലപാതക പരമ്പര നടന്നത് . ചാൾസ് മാൻഷന്റെ സംഘത്തിലെ അംഗങ്ങളായിരുന്നു കൊലപാതകങ്ങൾക്ക് പിന്നിൽ.സമൂഹത്തിൽ കുട്ടികൾ ഒറ്റപ്പെടുന്നെന്നും അമേരിക്കൻ സമൂഹത്തിന്റെ തെറ്റുകൾ പാവങ്ങളെ കഷ്ടത്തിലാക്കുന്നെന്നും ഒക്കെ ചൂണ്ടിക്കാട്ടി ഉന്നത നിലയിലുള്ളവരെ കൊന്നൊടുക്കാനായിരുന്നു മാൻസൻ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയത്.

ബീറ്റിൽസ് മ്യൂസിക് ഗ്രൂപ്പിന്റെ കറകളഞ്ഞ ആരാധകനായിരുന്നു മാൻസൻ . വൈറ്റ് ആൽബത്തിലെ ഹെൽറ്റർ സ്കെൽറ്റർ എന്ന പാട്ടായിരുന്നു മാൻസണ് ഏറെ പ്രിയപ്പെട്ടത് . അമേരിക്കയിൽ കറുത്തവരും വെളുത്തവരും തമ്മിൽ ഒരു യുദ്ധം ആസന്നമാണെന്ന് ഈ പാട്ട് വ്യാഖ്യാനിച്ചു കൊണ്ട് മാൻസൺ അനുയായികളെ വിശ്വസിപ്പിച്ചു . അതിന്റെ തുടക്കമായായിരുന്നു കൊലകൾ നടത്തിയത് .

സമൂഹത്തിലെ അറിയപ്പെടുന്നവരെ കൊന്നൊടുക്കിക്കൊണ്ട് ഒരു വംശീയ യുദ്ധം ഉണ്ടാക്കാനായിരുന്നു ലക്ഷ്യം . മാൻസണൊപ്പം ചേർന്ന ഹിപ്പി സ്ത്രീകളായ സൂസൻ ആറ്റ്കിൻസ് , ലിൻഡ കസബിയാൻ , പട്രീഷ്യ ക്രെൻവിങ്കേൽ എന്നിവരും ടെസ്ക്സ് വാട്സൺ എന്നയാളും ചേർന്നായിരുന്നു ഭീകരമായ കൊലപാതകങ്ങൾ നടത്തിയത്.

എട്ടുമാസം ഗർഭിണിയായിരുന്ന ഷാരോൺ ടെയ്റ്റ് ജീവനു വേണ്ടി കേണെങ്കിലും മാൻഷന്റെ നിർദ്ദേശമനുസരിച്ച് സംഘാംഗങ്ങൾ അവരെ കൊലപ്പെടുത്തുകയായിരുന്നു . കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ നാൽപ്പതും അൻപതും വെട്ടുകളേറ്റിരുന്നു .

ഇത്ര ക്രൂരമായ കൊലപാതകങ്ങൾ ആസൂത്രണം ചെയ്യാൻ മാൻസണെ പ്രേരിപ്പിച്ചത് ദുരിത പൂർണമായ കുട്ടിക്കാലമാണെന്നാണ് നിഗമനം . അച്ഛനാരെന്ന് അറിയാതെയായിരുന്നു മാൻസണിന്റെ ജനനം . അമ്മയുടെ ദുർനടപ്പ് കാണേണ്ടി വന്ന മാൻസൺ കുട്ടിക്കാലത്ത് തന്നെ മോഷണത്തിലേക്ക് തിരിഞ്ഞു. തുടർന്ന് പലപ്പോഴായി ജയിലിലായി.

ജയിലിൽ നിന്ന് പുറത്തിറങ്ങി 32 മത്തെ വയസ്സിൽ സ്വയം ഒരു കരിസ്മാറ്റിക് നേതാവായി അവരോധിച്ച മാൻസണിനൊപ്പം പതിനെട്ടോളം യുവതികൾ ആണ് ഉണ്ടായിരുന്നത് . ക്രിമിനൽ പശ്ചാത്തലമുള്ള മറ്റ് ചിലരും കൂടി ചേർന്നതോടെ മാൻസൺ ഫാമിലി കുപ്രസിദ്ധിയാർജ്ജിച്ചു.

യേശുവിന്റെയും പിശാചിന്റെയും ഗുണങ്ങൾ ചേർന്നവനെന്നായിരുന്നു അനുയായികൾ നേതാവിനെ വിശേഷിപ്പിച്ചത്. ബീറ്റിൽസിനെ അനുകരിച്ച് നിരവധി ഗാനങ്ങളുമെഴുതി . മയക്കുമരുന്നും സംഗീതവും ചേർന്ന് ഭ്രാന്തമായ അവസ്ഥയിലെത്തിച്ചപ്പോൾ അമേരിക്കയെ ഞെട്ടിക്കുന്ന കൊലപാതകങ്ങൾ ചെയ്യാനായിരുന്നു മാൻസൺ ഇഷ്ടപ്പെട്ടത്.

ആദ്യം വധ ശിക്ഷ വിധിച്ചെങ്കിലും പിന്നീട് ജീവപര്യന്തം തടവായി ശിക്ഷ ഇളവു ചെയ്യുകയായിരുന്നു . കാലിഫോർണിയയിൽ വധ ശിക്ഷ റദ്ദ് ചെയ്തതോടെയായിരുന്നു മാൻസണും സംഘാംഗങ്ങളും കൊലമരത്തിൽ നിന്ന് രക്ഷപ്പെട്ടത്.

പ്രസിദ്ധ മ്യൂസിക് സംഘമായ ബീച്ച് ബോയ്സ് 1968 ൽ പുറത്തിറക്കിയ ആൽബത്തിൽ മാൻസൺ എഴുതിയ ഗാനവും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ട്രൂപ്പിന്റെ തലവനായ ഡെന്നിസ് വിൽസൺ ഗാനത്തിന്റെ അംഗീകാരം മാൻസണു നൽകിയതുമില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിലടിച്ചു . ഒടുവിൽ തോക്കു ചൂണ്ടിയാണ് വിൽസൺ മാൻസനെ കീഴ്പ്പെടുത്തിയത്.

ടെറി മെൽച്ചർ എന്ന പ്രൊഡ്യൂസറിനൊപ്പം ചേർന്ന് സംഗീത ആൽബങ്ങൾ ഇറക്കാനുള്ള മാൻസണിന്റെ ശ്രമവും വിജയിച്ചില്ല . മെർച്ചർ പിന്മാറിയതായിരുന്നു കാരണം . മാൻസണെ പേടിച്ച് മെർച്ചർ ഒഴിഞ്ഞു പോയ വീട്ടിലായിരുന്നു പൊളൻസ്കിയും ഭാര്യ ഷാരോണും താമസിച്ചിരുന്നത് . കൂട്ടക്കൊല ആ വീട്ടിൽ നിന്ന് തന്നെ തുടങ്ങാൻ മാൻസൺ തീരുമാനിച്ചതും ഇക്കാരണം കൊണ്ടുകൂടിയാകാം. എന്തായാലും കുപ്രശസ്തനായ കൊലയാളിയാണെങ്കിലും മാൻസണെപ്പറ്റി ഡോക്യുമെന്ററികളും പുസ്തകങ്ങളും ടെലിഫിലിമുകളും പുറത്തിറങ്ങിയിട്ടുണ്ട്.

അതിനിടയിൽ മാൻസണെ വിവാഹം കഴിക്കാൻ എലെയ്ൻ ബർട്ടൺ എന്ന യുവതി കോടതിയെ സമീപിച്ചതും വാർത്തയായി . തുടർന്ന് വിവാഹിതനായ മാൻസണ് 90 ദിവസത്തെ പരോളും ലഭിച്ചിരുന്നു.

 

Shares 296
Close