ബുക്ക് ചെയ്ത് നാല് മിനിറ്റിനുള്ളിൽ ടാക്സി വീട്ടുപടിക്കൽ എത്തും

ദുബായ്: ദുബായിൽ ബുക്ക് ചെയ്ത് നാല് മിനിറ്റിനുള്ളിൽ ടാക്സി വീട്ടുപടിക്കൽ എത്തുമെന്ന് ആർടിഎ. കൂടുതൽ സ്വകാര്യ കമ്പനികളുമായി നടത്തിയ കൂട്ടുകെട്ടാണ് ഇത് സാധ്യമാക്കിയതെന്ന് ആർ.ടി.എ വൃത്തങ്ങൾ അറിയിച്ചു.

നിങ്ങൾ ദുബായിൽ എവിടെയാണെങ്കിലും ടാക്സിക്കായി ബുക്ക് ചെയ്താൽ അഞ്ച് മിനിറ്റ് പോലും കാത്തിരിക്കേണ്ടിവരില്ല. അതിനു മുൻപ് തന്നെ ടാക്സി നിങ്ങളുടെ അടുത്തെത്തിയിരിക്കും. ഇതാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോരിറ്റിയുടെ ഉറപ്പ്. ബുക്കിംഗ് കഴിഞ്ഞ് ടാക്സിക്കുവേണ്ടിയുള്ള കാത്തിരിപ്പ് സമയം 12 മിനിറ്റിൽ നിന്നും നാല് മിനിറ്റായാണ് കുറച്ചത്.

യാത്രക്കാർക്ക് ഏറെ ഗുണപരമായ മാറ്റങ്ങൾക്കിടയാക്കുന്ന നൂതനമായ ചുവടുവയ്പ്പാണെന്ന് ആർടിഎ അവകാശപ്പെട്ടു. ഹംദാൻ ബിൻ മുഹമ്മദ് സ്മാർട് ഗവൺമെന്‍റ് അവാർഡിനുവേണ്ടി ഈ പദ്ധതി സമർപ്പിക്കുമെന്നും ആർടിഎ ട്വീറ്റ് ചെയ്തു. ഊബർ, കരീം കമ്പനികളുമായി എർപ്പെട്ടിരിക്കുന്ന പങ്കാളിത്ത ഇടപാടാണ് വേഗത്തിൽ സേവനം നൽകാനുള്ള സാഹചര്യം ഒരുക്കിയത്.

ഇതിലൂടെ യാത്രക്കാർക്ക് ഇഷ്ടമുള്ള കമ്പനിയുടെ സേവനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. ടാക്സി സേവനത്തിനായുള്ള ആവശ്യക്കാരുടെ എണ്ണം കൂടിയതിനെ തുടർന്നാണ് സർവ്വീസ് വിപുലപ്പെടുത്താൻ തീരുമാനിച്ചത്. ഒരു തരത്തിൽ നോക്കുമ്പോൾ ഇത് വലിയൊരു വെല്ലുവിളിയായിരുന്നു.

കൂടുതൽ വാഹനങ്ങൾ എന്നാൽ കൂടുതൽ കാർബൺ ബഹിർഗമനം കൂടിയാണ്, അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തേണ്ടിയും വരും. അതിനാൽ, മറ്റ് കമ്പനികളുമായി പങ്കുചേരുക എന്നതായിരുന്നു പ്രായോഗികമായ ഒരു പരിഹാരമെന്നും ആർടിഎ വ്യക്തമാക്കി.

Shares 606
Close