പാകിസ്ഥാന്‍ ഹാഫിസ് സയീദിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അമേരിക്ക

വാഷിങ്ടണ്‍:166 പേരുടെ മരണത്തിന് കാരണമായ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്ത് നിയമ നടപടിക്ക് വിധേയമാക്കണമെന്ന് അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടു.അമേരിക്കന്‍ വിദേശകാര്യ വക്താവ് ഹെതര്‍ നോവ്‌ററ്റാണ് പാകിസ്ഥാനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

അമേരിക്ക അടക്കമുളള വിവിധ രാജ്യങ്ങളിലെ നിരപരാധികളായ ജനങ്ങളെയാണ് ലഷ്‌കര്‍ ഇ ത്വയ്ബ കൊന്നൊടുക്കിയത്.ഇത് ഇനിയും തുടരാന്‍ അനുവദിക്കരുത്.കൂടാതെ ഹാഫിസ് സയീദിനെ സ്വതന്ത്രമാക്കിവിട്ടാല്‍ ഉടന്‍ കശ്മീരിന്റെ പേരില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും നോവ്‌ററ്റ് പറഞ്ഞു.

വീട്ടുതടങ്കലിലായിരുന്ന ഹാഫിസ് സയീദിനെതിരെ മതിയായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി പാക് കോടതി ഇയാളെ മോചിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പാക് നടപടിയെ വിമര്‍ശിച്ച് കൊണ്ട് അമേരിക്കന്‍ വിദേശകാര്യ വക്താവ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം പാകിസ്ഥാന്‍ വിട്ടയച്ചതിന് തൊട്ടു പിന്നാലെ ഇന്ത്യക്കെതിരെ ഹാഫിസ് സയിദ് യുദ്ധം പ്രഖ്യാപിച്ചു കൊണ്ടുളള വീഡിയോ പുറത്ത് വന്നിരുന്നു.

Close