ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ആഭ്യന്തരകലാപങ്ങള്‍ക്കൊടുവില്‍ നിയമ മന്ത്രി സാഹിദ് ഹമീദ് രാജിവെച്ചു.മൂന്ന് ആഴ്ച നീണ്ടു നിന്ന വന്‍ പ്രതിഷേധമാണ് സാഹിദ് ഹമീദിന്റെ രാജി ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ അരങ്ങേറിയത്.സമരക്കാര്‍ക്കെതിരെ ശനിയാഴ്ച്ച നടത്തിയ പോലീസ് നടപടിയില്‍ ആറ് പേര് കൊല്ലപ്പെട്ടു.ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു.
തെഹ് രീക് ഇ ലാബയിക് യാ റസൂല്‍ അളളാ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നിയമഭേദഗതിയെചൊല്ലി സാഹിദ് ഹമീദിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയത്.
സാഹിദ് ഹമീദിന്റെ രാജി പാക് പ്രധാനമന്ത്രിക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്.ഞായറാഴ്ച്ച സമരക്കാരും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് രാജിക്കാര്യം തീരുമാനമായത്.
ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞാച്ചടങ്ങില്‍ ചൊല്ലുന്ന സത്യവാചകത്തില്‍ പ്രവാചകന്റെ പേരിലുളള തങ്ങളുടെ അടിയുറച്ച വിശ്വാസം ബോധ്യപ്പെടുത്തണമെന്ന ഭേദഗതിയാണ് പ്രതിഷേധത്തിന് കാരണമായത്.