കണ്ണൂര്‍ : എച്ച്ഐ വി രോഗമുണ്ടെന്ന് ആരോപിച്ച് കണ്ണൂരില്‍ അംഗണവാടി ജീവനക്കാരിയെ നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നതായി ആരോപണം. കണ്ണൂര്‍ മയ്യില്‍ സ്വദേശിനിയാണ് അംഗണവാടിയില്‍ നാട്ടുകാര്‍ കുട്ടികളെ വിടാത്തത് കാരണം ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. ഒരുവര്‍ഷമായി കുട്ടികളില്ലാത്തതിനെത്തുടര്‍ന്ന് അംഗണവാടിയുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയാണ്.
ഇരുപത്തിയഞ്ചോളം കുട്ടികളുണ്ടായിരുന്ന അംഗണവാടിയില്‍ ഇപ്പോള്‍ ഈ ജീവനക്കാരിയും അധ്യാപികയും മാത്രമാണുള്ളത്. ഇവരുടെ ഭര്‍ത്താവിന് എച്ച്ഐവിയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അംഗണവാടി ജീവനക്കാരിയെയും നാട്ടുകാര്‍ അകറ്റി നിര്‍ത്തുന്നത്. ഇവര്‍ എച്ച്ഐവി ബാധിതയെന്ന ആരോപണത്തെത്തുടര്‍ന്ന് കുട്ടികളെ നാട്ടുകാര്‍ അംഗണവാടിയില്‍ വിടാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരം പ്രചരണത്തില്‍ മാനസിക പ്രയാസം നേരിടുന്നുണ്ടെങ്കിലും ഏക വരുമാനമാര്‍ഗമായ ജോലി ഉപേക്ഷിക്കാനും ഇവര്‍ക്ക് സാധിക്കുന്നില്ല.
പ്രചരണം ശക്തമായതിനെത്തുടര്‍ന്ന് അംഗണവാടി വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാരിയെ രണ്ടുമാസത്തോളം മാറ്റി നിര്‍ത്തിയിരുന്നു. പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പും സാമൂഹികക്ഷേമ വകുപ്പും നാട്ടുകാര്‍ക്ക് ബോധവത്ക്കരണം നടത്തിയിട്ടും ഫലമുണ്ടായില്ല.