എസ് ഡി പി ഐ നടപ്പാക്കുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രനിലപാടുകള്‍ ; ഒരു വിഭാഗം പാർട്ടി വിട്ടു

കൊച്ചി :  മതമൗലികവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഎ പിളര്‍പ്പിലേക്ക്. പാര്‍ട്ടിയില്‍ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവുമില്ലെന്നും, പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രനിലപാടുകള്‍ നടപ്പാക്കുക മാത്രമാണ് എസ്ഡിപിഐയുടെ നയമെന്നും ആരോപിച്ച് സംസ്ഥാന നേതാവ് ടി.കെ.കുഞ്ഞമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ടു.

കാലങ്ങളായി എസ്ഡിപിയില്‍ പുകയുന്ന അമര്‍ഷമാണ് സംസ്ഥാനസമിതി അംഗവും പാര്‍ട്ടിയുടെ പോഷകസംഘടനയായ പ്രവാസിഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി.കെ.കുഞ്ഞമ്മദ് ഫൈസിയുടെ രാജിയോടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ നിലപാടുകളോട് വിയോജിപ്പുള്ള ഒട്ടേറെ പേര്‍ പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലുമാണ്. പോപ്പുലര്‍ ഫ്രണ്ട് മുസ്ലീംങ്ങള്‍ക്ക് മാത്രമായ സംഘടനയാണെന്നും ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാതെ ഒരു സമുദായത്തിന് എതിരെമാത്രം പ്രവര്‍ത്തിക്കാനാണ് സമയം കണ്ടെത്തുന്നതെന്നും വിമതവിഭാഗം ആരോപിക്കുന്നു.

ബ്രാഞ്ച് തലം മുതല്‍ ദേശീയതലം വരെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് പോപ്പുലര്‍ ഫ്രണ്ടാണ്. അതിനാല്‍ എസ്ഡിപിഐയില്‍ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലെന്നും ടി.കെ.കുഞ്ഞമ്മദ് ഫൈസി പറഞ്ഞു.

കോളജ് അധ്യാപകനായ ടി.ജെ.ജോസഫ് മാഷുടെ കൈവെട്ടിയത് ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിയില്‍ വിയോജിപ്പുണ്ട്.

ഒടുവില്‍ അഖില കേസില്‍ ഹൈക്കോടതി മാര്‍ച്ചോടെ ആ വിയോജിപ്പ് മൂര്‍ച്ചിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴില്‍ തീവ്രവാദം നടപ്പാക്കാനല്ലാതെ ജനകീയ വിഷയത്തില്‍ ഇടപെടാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും വിമതവിഭാഗം പറയുന്നു. അതെ സമയം തുടര്‍ന്നുള്ള പ്രവര്‍ത്തനം സംബന്ധിച്ച് തീരുമാനമായിട്ടില്ല.

Close