നടിയെ ആക്രമിച്ച  കേസില്‍ ചോര്‍ന്നത് കരട് കുറ്റപത്രമെന്ന് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച  കേസില്‍ ചോര്‍ന്നത് കരട് കുറ്റപത്രമെന്ന് പൊലീസ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പ്രാഥമിക പരിശോധനയ്ക്കായി തയ്യാറാക്കിയതാണിത്. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

സംസ്ഥാനത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നത് വലിയ വിവാദത്തിന് വഴി തെളിച്ചിരുന്നു. അന്വേഷണ സംഘമാണ് ഇത് ചോര്‍ത്തി നല്‍കിയതെന്ന നിലയ്ക്കായിരുന്നു പ്രചാരണം. എന്നാല്‍ ചോർന്നത് യഥാർത്ഥ കുറ്റപത്രമല്ലെന്നും മറിച്ച് ഒരു മാസം മുൻപ് തയ്യാറാക്കിയ കരട് മാത്രമാണെന്നുമാണ് പോലീസിന്റെ ഇപ്പോഴത്തെ നിലപാട്.

ഡിജിപി ഓഫീസിലേക്കും മറ്റും അയച്ചിരുന്ന കരട് കുറ്റപത്രത്തിൽ പാരഗ്രാഫ് തിരിച്ച് നമ്പരിട്ടിട്ടുണ്ട്. യഥാർത്ഥ കുറ്റപത്രത്തിൽ ഇതില്ല. അതിനാല്‍ ഉന്നത ഉദ്യോഗസ്ഥർക്ക് പ്രാഥമിക പരിശോധിക്കായി തയാറാക്കിയ ഈ കരടാണ് ചോർന്നതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

അതേസമയം നിലവിലെ കുറ്റപത്രം സമഗ്രമാണെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ ഫോൺ മാത്രമാണ് കണ്ടെത്താനുള്ളതെന്നും അന്വേഷണ സംഘം പറയുന്നു. ഇതിനായുള്ള തെരച്ചില്‍ തുടരുമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

Shares 124
Close