ഗാന്ധിനഗർ : പ്രധാനമന്ത്രി നരേന്ദ്രമോദി ജലവിമാനത്തിൽ യാത്ര നടത്തി . സബർമതി നദിയിൽ നിന്ന് മെഹ്സാനയിലേക്കായിരുന്നു പ്രധാനമന്ത്രി യാത്ര ചെയ്തത് .മെഹ്സാനയിലെ അംബാജി ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം തെരഞ്ഞെടുപ്പ് റാലിയിലും പങ്കെടുത്ത് പ്രധാനമന്ത്രി ജലവിമാനത്തിൽ തന്നെ തിരിച്ചെത്തും.
അഹമ്മദാബാദിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സബർമതി നദിയിൽ ജലവിമാനമിറക്കുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നു . രാജ്യത്താദ്യമായി ജലവിമാനം സബർമതി നദിയിൽ ഇറങ്ങുമെന്നും അതിൽ യാത്ര ചെയ്ത് അംബാജിയിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തതിനു ശേഷം തിരിച്ചെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു
എല്ലായിടത്തും വിമാനത്താവളങ്ങൾ നിർമ്മിക്കുക പ്രായോഗികമല്ലാത്തതിനാൽ ജലവിമാന പദ്ധതികൾക്ക് കേന്ദ്രസർക്കാർ മുൻഗണന നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലെ പ്രചാരണ പരിപാടികൾ അവസാനിക്കുന്ന ദിനമായ ഇന്ന് രാഹുൽ ഗാന്ധിയുടേയും നരേന്ദ്രമോദിയുടേയും റോഡ് ഷോ നിശ്ചയിച്ചിരുന്നു . എന്നാൽ സുരക്ഷ കാരണങ്ങളാൽ ഇരുവിഭാഗങ്ങൾക്കും റോഡ് ഷോ നടത്താൻ പൊലീസ് അനുമതി നൽകിയില്ല.