നോയ്ഡ : ഇടിച്ചിട്ട വാഹനം യുവാവിനെ വലിച്ചിഴച്ചത് 17 കിലോമീറ്റർ. നോയ്ഡയിലെ സാഖിപൂർ സ്വദേശിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ.
സാഖിപൂർ സ്വദേശിയായ സുഖ്പാൽ സിംഗിനെ മുകേശ്വറിൽ നിന്നും ഗ്രേറ്റർ നോയ്ഡയിലേക്കുള്ള യാത്രയ്ക്കിടയിൽ നവംബർ 3 നാണ് കാണാതാകുന്നത്.
വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ബാദൽ പൂരിലെ ദൂം മാണിക്ക് പൂർ ഗ്രാമത്തിൽ നിന്നും അപകടത്തിൽ തകർന്ന നിലയിലുള്ള മോട്ടോർ ബൈക്ക് കണ്ടെത്തി.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ 17 കിലോമീറ്റർ അകലെ ജോഖാബാദിൽ നിന്നും സുഖ്പാലിന്റെ മൃതദേഹം കണ്ടെത്തി.
മൃതദേഹത്തിലുടനീളം പരിക്കേറ്റിരുന്നു. ബാദൽ പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം, ആരംഭിച്ചു. ഒടുവിൽ ബുലന്ദ് ഷാ കോട്ട് ടോൾ പ്ലാസ്സയിലെ സിസിടിവി ക്യാമറയിൽ നിന്നും സുഖ്പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പൊലീസ് കണ്ടെത്തി.
നവംബർ മൂന്നിന് ടോൾ പ്ലാസ്സ വഴി കടന്നു പോയ ടാറ്റാ സഫാരി വാഹനത്തിന്റെ ബോണറ്റിൽ മൃതദേഹം കുടുങ്ങി കിടക്കുന്നതും,ടോൾ നൽകിയ ശേഷം മുന്നോട്ട് എടുത്ത വാഹനം വീണ്ടും മൃതദേഹം വലിച്ചിഴക്കുന്നതും കൃത്യമായി ക്യാമറയിൽ പതിഞ്ഞിരുന്നു.
കൂടുതൽ തെളിവുകൾ ശേഖരിച്ച് വാഹനത്തിന്റെ ഉടമയ്ക്കായുള്ള തിരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണ് പൊലീസ് സംഘം.