ഒടിയന്റെ ടീസറിറങ്ങി : ലാലേട്ടന്റെ ഭാവപ്പകർച്ച കാത്ത് ആരാധകർ

ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മോഹൻ ലാൽ ചിത്രം ഒടിയന്റെ ടീസർ പുറത്തിറങ്ങി . ഫേസ്ബുക്ക് പേജിലൂടെ മോഹൻ ലാൽ തന്നെയാണ് ടീസർ പുറത്തിറക്കിയത്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന പ്രശസ്തിയോടെയാണ് ഒടിയൻ മാണിക്യൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. തേൻകുറിശ്ശിയിൽ മാണിക്യൻ ബാക്കി വച്ച പ്രണയത്തിന്റെയും, പകയുടെയും, പ്രതികാരത്തിന്റെയും കഥകളും ,കരിമ്പന കാറ്റിന്റെ മുരൾച്ചയുള്ള തേൻകുറിശ്ശിയിലെ ഗ്രാമവിശേഷങ്ങളും മോഹൻലാൽ ഫെയ്സ്ബുക്ക് വീഡിയോ വഴി പങ്കു വച്ചിരുന്നു.

മുൻപ് ചിത്രത്തിന്റെ കാശിയിൽ നടന്ന ചിത്രീകരണത്തിന്റെ വിശേഷങ്ങളും മോഹൻലാൽ വീഡിയോയിൽ പങ്കുവയ്ച്ചിരുന്നു.പുലിമുരുകന് ശേഷമുള്ള ഓരോ മോഹന്‍ലാല്‍ ചിത്രങ്ങളേയും കുറിച്ച് പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. വിഷയത്തിലെ പുതുമ കൊണ്ട് ചിത്രീകരണത്തിന് മുമ്പേ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഒടിയന്‍.

ശക്തമായ താര നിര തന്നെയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. വില്ലന് ശേഷം മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയാകുകയാണ്. ശക്തനായ പ്രതിനായക കഥാപാത്രമായി എത്തുന്നത് തമിഴ് താരം പ്രകാശ് രാജാണ്.

ഒടിയന്മാരുടെ കണ്ണിയിലെ അവസാനത്തെ ഒടിയനായിട്ടാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യന്‍ എത്തുന്നത്.ആന്റണി പെരുമ്പാവൂർ നിർമ്മിച്ച്,ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ഹരികൃഷ്ണനാണ് ഒരുക്കുന്നത്.

Close