മുംബൈ : കൊടും ഭീകരൻ ദാവൂദ് ഇബ്രാഹിം അടുത്ത അനുചരനും അധോലോക നേതാവുമായ ഛോട്ടാ ഷക്കീലുമായി തെറ്റിയതായി റിപ്പോർട്ട്.. ഇതെത്തുടർന്ന് ഷക്കീൽ കറാച്ചിയിൽ ദാവൂദിന്റെ കേന്ദ്രത്തിൽ നിന്നും വിട്ടു പോയതായാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണം . ഇത് ഇന്ത്യ മുതലെടുക്കുമെന്ന ആശങ്കയിൽ പ്രശ്നം തീർക്കാൻ ഐഎസ്ഐ കിണഞ്ഞു പരിശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.
ദാവൂദിന്റെ ഇളയ സഹോദരൻ അനീസ് ഇബ്രാഹിം ഷക്കീലിന്റെ അധോലോക പ്രവർത്തനങ്ങളിൽ ഇടപെടുന്നുവെന്നതിന്റെ പേരിലാണ്ിരുവരും തെറ്റിയത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ദാവൂദിന്റെ ഇടപാടുകൾ നിയന്ത്രിക്കുന്ന വലം കയ്യായിരുന്നു ഛോട്ടാഷക്കീൽ. രണ്ടാമനാകാൻ കിണഞ്ഞു പരിശ്രമിക്കുന്ന അനീസും ഷക്കീലുമായി ഈയിടയ്ക്ക് വാക്കേറ്റം നടന്നതായാണ് സൂചന. ഇതിനെ തുടർന്ന് കറാച്ചിയിൽ നിന്നും പോയ ഷക്കീൽ അജ്ഞാത കേന്ദ്രത്തിൽ തന്റെ വിശ്വസ്തരുമായി കൂടിയാലോചന നടത്തിയതായും റിപ്പോർട്ടുണ്ട്.
ശിവസേന നേതാക്കളേയും ആർ.എസ്.എസ് പ്രവർത്തകരേയും കൊലപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച ഛോട്ടാഷക്കീൽ . ദാവൂദ് കഴിഞ്ഞാൽ അധോലോകത്തിലെ കിരീടം വയ്ക്കാത്ത രാജാവാണ് . അതേ സമയം പ്രശ്നം തീർക്കാൻ ഐഎസ്ഐ കിണഞ്ഞു പരിശ്രമിക്കുകയാണ് . ദാവൂദിന്റെ പിന്തുണയോടെ നടത്തുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനൾ നിലയ്ക്കുമെന്ന ആശങ്കയാണ് ഐഎസ്ഐക്ക് .
എന്നാൽ ദാവൂദിന്റെ സഹോദരന്മാർ ചതിച്ചാൽ പോലും ഷക്കീൽ ദാവൂദിനെ വിട്ടു പോകില്ലെന്നാണ് മുംബൈ അധോലോകത്തിന്റെ പൊതു സംസാരം . അനീസുമായി പ്രശ്നങ്ങൾ ഉണ്ടായേക്കാമെങ്കിലും ദാവൂദിനെ വിട്ട് ഷക്കീലിനൊരു ജീവിതമില്ലെന്നാണ് ഡി കമ്പനിയിലെ ദാവൂദിന്റെ അനുചരർ പറയുന്നത് .