തിരുവനന്തപുരം: സ്ത്രീകളെ അപമാനിക്കുന്നതില്‍ ഇടത് മന്ത്രിമാരും നേതാക്കളും മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്.
സ്ത്രീ വിരുദ്ധത മുഖമുദ്രയാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേത്. മത്സ്യത്തൊഴിലാളികളെ അപമാനിച്ച മേഴ്സിക്കുട്ടിയമ്മയും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനേയും ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറേയും അവഹേളിച്ച എംഎം മണിയുമൊക്കെയാണ് പിണറായി സര്‍ക്കാരിന്റെ മുഖമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി വനിതാ അംഗത്തെ അവഹേളിച്ച തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ വി കെ പ്രശാന്തും സിപിഎമ്മിന്റെ സ്ത്രീവിരുദ്ധതയുടെ ഉദാഹരണമാണ്. പട്ടികജാതി പീഡന വിരുദ്ധ നിയമപ്രകാരം കേസെടുത്തിട്ടും മേയറെ പിടികൂടാന്‍ പൊലീസ് തയ്യാറാകാത്തത് നിയമത്തോടുള്ള വെല്ലുവിളിയാണ്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി പ്രക്ഷോഭ പരിപാടികള്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും എംഎം മണിയും മാപ്പു പറയുക, തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ശനിയാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തും.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കാണ് മാര്‍ച്ച് നടത്തുക സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.