കോഴിക്കോട് :മേപ്പയൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു .പെണ്‍കുട്ടിയുടെ പരാതി പ്രകാരം അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തെങ്കിലും , സമ്മര്‍ദ്ദത്തിന് വഴങ്ങി കേസെടുക്കാതെ പോലീസ് ഒത്തു കളിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം
മേപ്പയ്യൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അറബിക് അദ്ധ്യാപകനയാ റിയാസ് ,ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി . സ്കൂളിലെ ജാഗ്രതാ സമിതിക്ക് മുന്നിലാണ് ഇത് സംബന്ധിച്ച് പെണ്‍കുട്ടി പരാതി പറഞ്ഞത് .
തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിയാസിനെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സസ്പെന്‍ഡ് ചെയ്തു.
എന്നാല്‍ പെണ്‍കുട്ടി മൊഴി മാറ്റിപ്പറഞ്ഞെന്നും , കേസെടുക്കാന്‍ ആവില്ലെന്നുമാണ് പോലീസ് നിലപാട് .
ചില രാഷ്ട്രീയ പാര്‍ട്ടികളും അദ്ധ്യാപകനും വീട്ടുകാര്‍ക്ക് മേല്‍ ചെലുത്തിയ സമ്മര്‍ദ്ദമാണ് പെണ്‍കുട്ടിയുടെ മൊഴിമാറ്റത്തിന് പിന്നിലെന്നും ആരോപണമുണ്ട് .
പോക്സോ പ്രകാരം ഗുരുതര കുറ്റം ചുമത്തി അധ്യാപകനെതിരെ കേസെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടും , ഉന്നത തലത്തില്‍ നടന്ന ഗൂഢാലോചനയാണ് ഇയാളെ രക്ഷിക്കുന്നതെന്നും ആക്ഷേപമുണ്ട്.
സി പി എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പ്രശ്നത്തില്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചു മേപ്പയ്യൂര്‍ ടൗണില്‍ പോസ്റ്ററുകളും ഉയര്‍ന്നിട്ടുണ്ട് . സമൂഹിക മാദ്ധ്യമങ്ങളിലും അദ്ധ്യാപകനെതിരെ പ്രതിഷേധം ശക്തമാണ് .