ബേപ്പൂര്‍ :കോഴിക്കോട് പുറം കടലില്‍ നിന്നും ഇന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.ഇതോടെ ആകെ 19 മൃതദേഹങ്ങളാണ് കോസ്റ്റ് ഗാര്‍ഡും, മത്സ്യത്തൊഴിലാളികളും കരയ്ക്കെത്തിച്ചിരിക്കുന്നത്.
ബേപ്പൂര്‍ , കൊയിലാണ്ടി , കാപ്പാട് തുടങ്ങിയ തീരങ്ങളില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.മത്സ്യ തൊഴിലാളികള്‍ നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമായും തിരച്ചില്‍ നടത്തുന്നത് .
കണ്ടെത്തുന്ന മൃതദേഹങ്ങള്‍ കരയ്ക്ക് എത്തിക്കുന്നതിന് വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ജില്ല കളക്ടര്‍ അറിയിച്ചു . കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ആണ് മൃത ദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്.
ജീര്‍ണ്ണിച്ച മൃത ദേഹങ്ങള്‍ തിരിച്ചറിയാനുള്ളശ്രമം നടന്നു വരികയാണ് . ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു പരിശോധനക്കു അയച്ചതായും തിരച്ചിലിനു കൂടുതല്‍ സഹായം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കളക്ടര്‍ അറിയിച്ചു .
25 മൃതദേഹങ്ങള്‍ വരെയാണ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാം സാധിക്കുന്നത്.ജില്ലാ ആശുപത്രികളെയും , സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചാല്‍ മുപ്പത്തി അഞ്ചു മൃത ദേഹങ്ങള്‍ സൂക്ഷിക്കാം.ഇതില്‍ കൂടുതല്‍ മൃത ദേഹങ്ങള്‍ എത്തിയാല്‍ സ്ഥിതി ഗതികള്‍ പരിതാപകരമാവും.
മൃതദേഹങ്ങള്‍ പ്രാഥമികമായി സൂക്ഷിക്കാന്‍ ബോഡി ബാഗുകള്‍ വാങ്ങാനും തീരുമാനം ആയിട്ടുണ്ട്.ഇതിനിടെ വിഴിഞ്ഞം എന്ന് രേഖപ്പെടുത്തിയ സിന്ധു മാതാ , സിന്ധു യാത്ര മാതാ ,എന്നീ രണ്ടു ഫൈബര്‍ വള്ളങ്ങളും കണ്ടെത്തിയിട്ടുണ്ട്.