അനന്തപുരിയിൽ സിനിമയുടെ പൂരത്തിന് ഇന്ന് തിരശ്ശീല വീഴും

തിരുവനന്തപുരം: അനന്തപുരിയിൽ സിനിമയുടെ പൂരത്തിന് ഇന്ന് തിരശ്ശീല വീഴും. പരാതികൾക്കും പ്രതിഷേധങ്ങൾക്കും അപ്പുറം കുറെ നല്ല ചിത്രങ്ങൾ സമ്മാനിച്ച ഓർമ്മകളാണ് മേളയുടെ ശേഷിപ്പ്.

കൈരളിയുടെ പടിക്കെട്ടിൽ കവി അയ്യപ്പനില്ലാത്തതും കവിതയുടെ കെട്ടഴിയാത്തതും ആദ്യപാതിയിൽ സുരഭിയെ അവഗണിച്ചതും വേദന. ചില ചിത്രങ്ങൾ സമ്മാനിച്ച വിരസത. തെരഞ്ഞെടുപ്പിൽ കുറേക്കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന പരിഭവം. എങ്കിലും, എല്ലാത്തിനും മീതെ നല്ല ചിത്രങ്ങൾ ഏറെ കാണാനായതിന്‍റെ ആഹ്ലാദം.

കാണാൻ കൊതിച്ചവരുമായി കൂടിച്ചേരാൻ കഴിഞ്ഞതിന്‍റെ സന്തോഷം. മണിക്കൂറുകൾ ക്യൂ നിന്ന് ഗൗരവത്തോടെ സിനിമ കാണുന്ന, മുടിയിലെ നര മനസ്സിൽ കലരാത്ത പ്രായം ചെന്നവർ, വേഷത്തിൽ പോലും വിഭജനം വേണ്ടെന്ന ശാഠ്യവുമായി ആൺ പെൺ സൗഹൃദങ്ങൾ, സിനിമ മാത്രം ശ്വസിച്ച ടാഗോറിലേയും കൈരളിയിലേയും സന്ധ്യകൾ.

അതിരുകൾ ഇല്ലാതാവുകയും പകരുന്നത് ആനന്ദമാവുകയും ചെയ്യുന്നതിലെ രസം സിനിമയിലും കണ്ടു. കാൻഡലേരിയ, റിട്ടേണി, വില്ലേജ് റോക്ക് സ്റ്റാർസ്, ഇൻ സിറിയ, ഇൻസൾട്ട്, സിംഫണി ഫോർ അന തുടങ്ങി കയ്യടി നേടിയ ചിത്രങ്ങൾ ഏറെ. ഇനി മണിക്കൂറുകൾ കൂടി ആ വഴിയിലൂടെ സഞ്ചരിക്കാം. ഇന്ന് നിശാഗന്ധിയിൽ ഇരുപത്തിരണ്ടാമത് ചലച്ചിത്രമേളക്ക് തിരശ്ശീല വീഴുമ്പോൾ വീണ്ടും കാത്തിരിപ്പ്, അടുത്ത ഡിസംബറിലേക്ക്. മേള തുടരട്ടെ, ഇനിയും വരട്ടെ. എന്നെന്നും സിനിമയ്ക്കൊപ്പം.

Close