വിയന്ന: സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് ഓസ്ട്രിയയിലെ രണ്ടാമത്തെ വിമാന സർവീസായ നിക്കി എയർലൈൻസ് പ്രവർത്തനം അവസാനിപ്പിച്ചു. ഇതോടെ സാധാരണ സർവീസുകളും ഹോളിഡേ സർവീസുകളുമുൾപ്പെടെ എയർലൈൻസിന്റെ 20 ഓളം വിമാനങ്ങൾ പറക്കൽ അവസാനിപ്പിച്ചു. യാത്രയ്ക്കായി എയർലൈൻസിനെ ആശ്രയിച്ചിരുന്ന 5,000 യാത്രക്കാരാണ് ഇതോടെ വിദേശത്ത് കുടുങ്ങിയത്. മുൻകൂറായി ബുക്ക് ചെയ്തിരുന്ന 40,000 ടിക്കറ്റുകളും റദ്ദാക്കി.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടിയ എയർ ബെർലിൻ എയർലൈൻസ് കമ്പനിയുടെ മറ്റൊരു യൂണിറ്റാണ് നിക്കി. വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരവും ഉയർന്ന പ്രവർത്തന ചിലവും കമ്പനിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയായിരുന്നു.
മുൻ ഓസ്ട്രിയൻ ഫോർമുല വണ്‍ ചാന്പ്യൻ നിക്കി ലൗഡയാണ് വിമാനക്കമ്പനിയുടെ സ്ഥാപകൻ. 2011ലാണ് അദ്ദേഹം നിക്കിയെ എയർ ബെർലിൻ എയർലൈൻസിന് വിറ്റത്.