ന്യൂഡല്‍ഹി : അടുത്ത ലേക്സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി തന്നെയായിരിക്കും ജനപ്രിയ നേതാവ് എന്ന് സര്‍വേ ഫലം പുറത്ത്.
ടൈംസ് ഗ്രൂപ്പ് നടത്തിയ സര്‍വേയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ നരേന്ദ്ര മോദിയെ തന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന് അഭിപ്രായപ്പെട്ടത്.മോദി സര്‍ക്കാര്‍ തന്നെയാണ് 2019 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പിലും തുടേരണ്ടത് എന്നാണ് സര്‍വേയില്‍ 79 ശതമാനം ആളുകളും വോട്ട് ചെയ്തത്.
ഒമ്പത് ഭാഷകളിലെ ടൈംസിന്റെ മാധ്യമ വിഭാഗങ്ങള്‍ വഴിയാണ് സര്‍വേ നടത്തിയത്.മൂന്ന് ഘടങ്ങളായി നടന്ന ഓണ്‍ലൈന്‍ സര്‍വേയില്‍ 72 മണിക്കൂര്‍ കൊണ്ട് 5 ലക്ഷം പേരാണ് വോട്ട് ചെയ്തത്.ഡിസംബര്‍ 12 മുതല്‍ 15 വരെയായിരുന്നു സര്‍വേ.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്താലും ബിജെപിക്ക് പകരം നില്ക്കുന്ന പാര്‍ട്ടിയായി മാറാന്‍ കോണ്‍ഗ്രസിന് കഴിയില്ല എന്ന് 73 ശതമാനം പേര് സര്‍വേയില്‍ അഭിപ്രായപ്പെട്ടു.
58 ശതമാനം പേര് രാഹുല്‍ ഗാന്ധി എന്ന നേതാവില്‍ തൃപ്തരല്ല.മോദിയുമായി നേരിട്ട് രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ 20 ശതമാനം പേര് മാത്രമേ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യുമെന്ന് രേഖപ്പെടുത്തിയത്.
ഗാന്ധി കുടുംബത്തില്‍ പെടാത്ത ഒരാള്‍ സ്ഥാനാര്‍ഥി ആയാല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ല എന്ന് 38 ശതമാനം പേര് അഭിപ്രായപ്പെട്ടപ്പോള്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ നേതാവായാല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് 37 ശതമാനം പേര് പറഞ്ഞു.
അതേസമയം നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ മാത്രമേ ബിജെപിക്ക് വോട്ട് രേഖപ്പെടുത്തുകയുളളു എന്ന് 31 ശതമാനം പേര് പറഞ്ഞപ്പോള്‍ 48 ശതമാനം പേര് ആര് സ്ഥാനാര്‍ത്ഥിയായലും ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് സര്‍വേയില്‍ രേഖപ്പെടുത്തി.