ന്യൂഡല്‍ഹി : കല്‍ക്കരി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയ്ക്ക് മൂന്നു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഡല്‍ഹി പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. കേസില്‍ മധു കോഡ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
മധു കോഡയ്ക്കു പുറമെ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്ത, മുന്‍ ചീഫ് സെക്രട്ടറി എ.കെ.ബസു തുടങ്ങിയവര്‍ക്കുള്ള ശിക്ഷയും കോടതി വിധിച്ചു. മധു കോഡയ്ക്കൊപ്പം മൂന്ന് വര്‍ഷം തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയുമാണ് എച്ച്. സി ഗുപ്തയ്ക്ക് ശിക്ഷ വിധിച്ചത്.
മുന്‍ ചീഫ് സെക്രട്ടറി എ കെ ബസു, മധു കോഡയുടെ അടുത്ത അനുയായിയായ വിജയ് ജോഷി എന്നിവര്‍ക്കും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. 2007ല്‍ അമര്‍കോണ്ട മുര്ഗോഡില് കല്‍ക്കരി ഇടപാടിലൂടെ 380 കോടി രൂപയുടെ അഴിമതി നടത്തിയതായാണ് കോടതി കണ്ടെത്തിയത്.
ജാര്‍ഖണ്ഡിലെ രജ്ഹാര നോര്‍ത്ത് കല്‍ക്കരി ഖനി കോല്‍ക്കത്ത ആസ്ഥാനമായ വിനി അയേണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗിന് അനുവദിച്ചതില്‍ വ്യാപക ക്രമക്കേട് നടന്നതായി സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. ചുളു വിലയ്ക്ക് സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി അനുവദിച്ചതായി സിബിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ക്രിമിനല്‍ ഗൂഡാലോചന അടക്കമുള്ള കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഡല്‍ഹി പ്രത്യേക സിബിഐ കോടതിയുടെതാണ് വിധി. യു പി എ സര്‍ക്കാരിന്റെ കാലത്താണ് കല്‍ക്കരി കുംഭകോണം നടക്കുന്നത്.