കണ്ണൂര്‍ : ജനമൈത്രി പോലീസ് എന്തെന്നതില്‍ ഉത്തമ ഉദാഹരണം പൊതു സമൂഹത്തിന് കാണിച്ച് തരികയാണ് കണ്ണൂർ ചക്കരക്കൽ പോലീസ് സ്റ്റേഷൻ. പച്ചക്കറി കൃഷി മുതൽ സാംസ്കാരിക പരിപാടി വരെ സംഘടിപ്പിച്ചാണ് ഇവിടം വ്യത്യസ്തമാകുന്നത്.
ധാരാളം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന ഒരു പോലീസ് സ്റ്റേഷൻ നാളുകൾ നീണ്ട പ്രയത്നത്തിലൂടെ വിരലിലെണ്ണാവുന്ന കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷനായി മാറിയിരിക്കുന്നു. കൂട്ടായ്മകളില്ലാതാകുന്ന ഇടങ്ങളിലാണ് കുറ്റകൃത്യങ്ങൾ ഏറുന്നത് എന്ന് തിരിച്ചറിഞ്ഞ് മാതൃകാപരമായ പ്രവർത്തികളായിരുന്നു പോലീസുകാർ നടത്തിയത്.
ചെറിയകേസുകളിൽ പെട്ടവരെ സംഘടിപ്പിച്ച് നമുക്കൊരുമിച്ചിരിക്കാം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ദിവസങ്ങളോളം നീളുന്ന സാംസ്കാരിക പരിപാടികളിലൂടെ കൂട്ടായ്മ വർധിച്ചപ്പോൾ ഇല്ലാതായത് ഒരു നാട്ടിലെ അക്രമ സംഭവങ്ങൾ തന്നെ.
തരിശുകിടന്ന എഴുപതിലേറെ ഏക്കർ സ്ഥലത്ത് കൃഷിയിറക്കിയും ചക്കരക്കൽ പോലീസ് മാതൃക തീർത്തിരിക്കുകയാണ്. പുത്തൻ രീതികളിലൂടെ ചക്കരക്കൽ പോലീസ് സ്റ്റേഷൻ കേരളത്തിലെ പൊതു സമൂഹത്തിന് മുന്നിൽ യാഥാർഥ ജനമൈത്രി കാണിച്ച് തരികയാണ്.