വാഷിങ്ടണ്‍: വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയാണെന്ന് യുഎസ്.ലോകമെമ്പാടുമുളള കംപ്യൂട്ടര്‍ ശൃംഖലയെ ബാധിച്ച ആക്രമണത്തിന്റെ ഉത്തരവാദികള്‍ ഉത്തരകൊറിയ ആണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷ ഉപദേഷ്ടാവ് ടോം ബോസേര്‍ട്ട് പറഞ്ഞു.
വാനാക്രൈ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയായിരുന്നു.ഉത്തരകൊറിയയ്ക്കു വേണ്ടി ലസാറസ് ഗ്രൂപ്പാണ് ഹാക്കിങ് നടത്തിയതെന്നും ബോസേര്‍ട്ട് പറയുന്നു.
ഉത്തരകൊറിയയിലെ മാല്‍വെയറുകളുടെ ഫാക്ടറി എന്നറിയപ്പെടുന്ന ലസാറസ് സംഘമാണ് വാനാക്രൈയുടെ ഉപജ്ഞാതാക്കളെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.2014 ല്‍ സോണി പിക്ചേഴ്സിന്റെ സൈറ്റുകളില്‍ കടന്നു കടറി,റിലീസ് ചെയ്യാനുളള സിനിമകള്‍ അടക്കം ചോര്‍ത്തിയത് ഇതേ സംഘമാണെന്നാണ് കരുതുന്നത്.
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ പരിഹസിക്കുന്ന ഇന്റര്‍വ്യൂ എന്ന സിനിമ സോണി റിലീസ് ചെയ്യുന്നതിന് തൊട്ട് മുമ്പാണ് ആക്രമണം ഉണ്ടായത്.
2017 മേയിലാണ് ലോകമെമ്പാടും വാനാക്രൈ ആക്രമണമുണ്ടായത്.കംപ്യൂട്ടറുകളില്‍ കടന്ന് കയറി ഫയലുകള്‍ ലോക് ചെയ്യുകയും തുറക്കാന്‍ ബിറ്റ്കോയിന് രൂപത്തില്‍ പണം ആവശ്യപ്പെടുകയുമായിരുന്നു.
കേരളത്തില്‍ പാലക്കാട് റെയില്‍വേ ഡിവിഷന് ഓഫീസ് അടക്കം ലോകമെങ്ങും സ്ഥാപനങ്ങളും വ്യക്തികളും ആക്രമണത്തിന് ഇരയായിരുന്നു.