ദുബായ്: വിഖ്യാതമായ ദുബായ് വ്യാപാരോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം. പതിവു പോലെ ഇക്കുറിയും ആകർഷകമായ സമ്മാനങ്ങളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ഈ മാസം 26 മുതൽ ജനുവരി 27 വരെയാണ് ഇത്തവണ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ.
ആഘോഷങ്ങളെ വരവേൽക്കാനായി ദുബായ് അണിഞ്ഞൊരുങ്ങുകയാണ്, ക്രിസ്മസും പുതുവർഷവും മാത്രമല്ല, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും പടിവാതിലിൽ എത്തിക്കഴിഞ്ഞു. ഇക്കുറി ഈ മാസം 26 മുതൽ ജനുവരി 27 വരെയാണ് ഡി.എസ്.എഫ് ദുബായിൽ ഉത്സവാന്തരീക്ഷം തീർക്കുക. ഇക്കുറിയും ഡി.എസ്.എഫിലെ ഓരോ ദിനവും ആകർഷകമായ സമ്മാനങ്ങളും ഓഫറുകളുമാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
ഷോപ്പ് ആൻഡ് വിൻ പ്രമോഷനോടുകൂടിയാണ് ഡി.എസ്.എഫിന് തുടക്കം കുറിക്കുകയെന്ന് ദുബായ് ഷോപ്പിംഗ് മാൾസ് ഗ്രൂപ്പും, ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ളിഷ്മെന്റും അറിയിച്ചു. ഷോപ്പ് ആൻഡ് വിന്നിലൂടെ ഒരു മില്യൻ ദിർഹത്തിന്റെ കാഷ് പ്രൈസും ഷോപ്പിംഗ് വൗച്ചറുകളും മറ്റ് ഓഫറുകളും ലഭിക്കും. ഡി.എസ്.എഫിലെ പങ്കാളികളായ ഷോപ്പിംഗ് മാളുകളിൽ നിന്നും 200 ദിർഹമോ അതിലധികമോ തുകയ്ക്ക് സാധന വാഹുന്ന ഉപഭോക്താക്കൾക്ക് പ്രതിവാര റാഫിൽ ഡ്രോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
നാല് പ്രതിവാര ഡ്രോകളും ദുബായ് ഗ്ളോബൽ വില്ലേജിലെ പ്രധാന വേദിയിലായിരിക്കും നടക്കുക. ഓരോ ആഴ്ചയും ഡ്രോയിലൂടെ ഒരു ലക്ഷം ദിർഹം, 50,000, 10,000 ദിർഹം എന്നിങ്ങനെ കാഷ് പ്രൈസുകൾ ലഭിക്കും. ഫോർ സ്റ്റാർ ഹോട്ടലിൽ കുടുംബത്തിന് രണ്ട് ദിവസത്തെ താമസം, ഡെസർട്ട് സഫാരി, വാട്ടർ കനാൽ ദോ ക്രൂസ് എന്നിവയ്ക്ക് അവസരം നൽകുന്ന വൗച്ചറുകളും സമ്മാനമായി ലഭിക്കും.
കഴിഞ്ഞ 23 വർഷത്തിനുള്ളിൽ അഭൂതപൂർവ്വമായ വളർച്ചയാണ് ഡി.എസ്.എഫ് കൈവരിച്ചതെന്നും, ഓരോ വർഷവും കൂടുന്ന സന്ദർശകരുടെ എണ്ണവും ഉയരുന്ന വ്യാപാരവും ഇതിന്റെ ഉദാഹരണമാണെന്നും ദുബായ് ഷോപ്പിംഗ് മാൾസ് ഗ്രൂപ്പ് ചെയർമാൻ മാജിദ് അൽ ഗുറൈർ പറഞ്ഞു.