പക്ഷിപ്പനി : സൗദിയില്‍ നിന്ന് കോഴിയിറച്ചി ഇറക്കുമതി ചെയ്യുന്നത് യുഎഇ നിരോധിച്ചു

റിയാദ് : സൗദിയില്‍ നിന്നുള്ള കോഴിയിറച്ചിയും,മുട്ടയും ഇറക്കുമതി ചെയ്യുന്നത് യുഎഇ നിരോധിച്ചു.സൗദിയില്‍ നിന്ന് പക്ഷികളെ കൊണ്ട് വരുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.സൗദി തലസ്ഥാനമായ റിയാദ് മേഖലയില്‍
എച്ച്5എന്‍8 ഇനത്തില്‍ പെട്ട വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

വീണ്ടും റിയാദില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദിഅറേബ്യയില്‍ നിന്ന് കോഴിയിറച്ചി,ജീവനുള്ള പക്ഷികള്‍,ഭക്ഷണത്തിനോ കുഞ്ഞുങ്ങളെ വിരിയിക്കാനോ ആവശ്യമായ മുട്ടകളോ ഇറക്കുമതി ചെയ്യുന്നത് യുഎഇ നിരോധിച്ചിരിക്കുകയാണ്.

പരിസ്ഥിതി, കാലവസ്ഥാ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മാരകമായ എച്ച്5എന്‍8 ഇനത്തില്‍ പെട്ട വൈറസിനെ റിയാദില്‍ കണ്ടെത്തിയതാണ് വിവരം.മനുഷ്യരെ ഇത് പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ വന്നിട്ടില്ല.

അതേസമയം സമാനമായ എച്ച്5എന്‍6 വൈറസ് ചൈനയില്‍ പലര്‍ക്കും ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.എച്ച്5എന്‍8 വൈറസ് മനുഷ്യരെ ബാധിക്കാനിടയില്ലെന്നും എന്നാല്‍ സാധ്യത തള്ളിക്കളയാനാവില്ലെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

കുതിരകള്‍ക്കും തിമിംഗലങ്ങള്‍ക്കും വരെ ബാധിച്ചേക്കാവുന്ന പക്ഷിപ്പനി വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്.1900 ല്‍ ഇറ്റലിയിലാണ് ആദ്യം പക്ഷിപ്പനി കണ്ടെത്തിയത്?. പിന്നീട് ഇത് ലോകം മുഴുവന്‍ വ്യാപിക്കുകയായിരുന്നു.

Shares 357

Post Your Comments

Close