തിരുവനന്തപുരം:നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതിക്ക് തീരുമാനമായി.പൊതു ആവശ്യങ്ങള്‍ക്കായി വയല്‍ നികത്താനുളള ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തി.
നിയമം ഭേദഗതി ചെയ്യാന്‍ സിപിഎം-സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ ധാരണയായി. സര്‍ക്കാര്‍ പദ്ധതികള്‍ക്കും പൊതുതാത്പര്യം സംരക്ഷിക്കുന്ന വന്‍കിട പദ്ധതികള്‍ക്കും സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമുളള പദ്ധതികള്‍ക്കും ഭേദഗതി സഹായകരമാകും.
ഇതോടെ പ്രദേശിക ഭരണസമിതിയുടെ അനുമതിയില്ലാതെ സര്‍ക്കാരിന് ഇനി നേരിട്ട് വയല്‍ നികത്താന്‍ അനുമതി നല്‍കാനാകും.
നെല്‍വയലും തണ്ണീര്‍ത്തടവും നികത്തുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രിമിനല്‍ കുറ്റമാക്കുന്ന നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമ കരടുഭേദഗതി ബില്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കുമെന്ന സൂചനയ്ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട്.