തിരുവനന്തപുരം: ഡോ. കെ എം എബ്രഹാം ഡിസംബര്‍ 31ന് വിരമിക്കുന്ന ഒഴിവില്‍ ചീഫ് സെക്രട്ടറിയായി വ്യവസായ – ഊര്‍ജ്ജ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
വ്യവസായ വകുപ്പിന്റെ താല്‍ക്കാലിക ചുമതല ജനുവരി 1 മുതല്‍ തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെ ജോസിനു നല്കാന് തീരുമാനിച്ചു.
ഊര്‍ജ്ജ വകുപ്പിന്റെ താല്‍ക്കാലിക ചുമതല വൈദ്യുതി ബോര്‍ഡ് ചെയര്മാന് ഇളങ്കോവനായിരിക്കും. ചീഫ് സെക്രട്ടറി എന്ന നിലയില്‍ കെഎം എബ്രഹാമിന്റെ സ്തുത്യര്‍ഹമായ സേവനത്തിന് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി.
നിലവിലുള്ള കേരള സംസ്ഥാന ഇന്നവേഷന്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിക്കുന്ന ഡോ. കെ.എം. എബ്രഹാം കൗണ്‍സിലിന്റെ ചെയര്‍മാനായിരിക്കും.
പ്രശസ്ത നാനോ ശാസ്ത്രജ്ഞന് ഡോ. പുളിക്കല്‍ അജയന്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍, ബാങ്കിംഗ് വിദഗ്ധന്‍ ശ്യാം ശ്രീനിവാസന്, പ്രശസ്ത രസതന്ത്ര ഗവേഷന്‍ ഡോ. കെ.എം. എബ്രഹാം (യു.എസ്.എ.) എന്നിവര്‍ അംഗങ്ങളായിരിക്കും.
കേരള ഇന്ഫ്രാസ്റ്റ്രക്ചര് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) സി.ഇ.ഒ.യുടെ ചുമതല ഡോ.കെ.എം. എബ്രഹാം തുടര്‍ന്നും വഹിക്കും. സര്‍ക്കാരിന്റെ ധനകാര്യ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍) ആസൂത്രണ – സാമ്പത്തികകാര്യ (ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍) എന്നീ വകുപ്പുകളുടെ എക്സ് ഒഫിഷ്യോ സെക്രട്ടറി കൂടിയായിരിക്കും ഡോ. എബ്രഹാം.