കൊച്ചി: ഓഖി ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ഇന്ന് കൊച്ചിയിലെ വിവിധ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
രാവിലെ ചെല്ലാനം മേഖലയിലും ഉച്ചയ്ക്ക് ശേഷം മുനമ്പം, വൈപ്പിന്‍ മേഖലകളുമാണ് സന്ദര്‍ശിക്കുക. കേന്ദ്ര ജല കമ്മിഷന് ഡയറക്ടര്‍ ആര് തങ്കമണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയില്‍ എത്തുന്നത്.
ആള്‍നാശം, മത്സ്യബന്ധനയാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും നേരിട്ട നഷ്ടം, കൃഷിനാശം, വൈദ്യുതി, ജലസേചന സംവിധാനങ്ങള്‍ക്കുണ്ടായ നാശം തുടങ്ങിയവ സംഘം വിലയിരുത്തും.
കേന്ദ്രദുരന്തനിവാരണ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ എട്ട് അംഗ സംഘമാണ് കേരളത്തില്‍ ഓഖി ദുരന്ത ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നത്.
തിരുവനന്തപുരം-കൊല്ലം,ആലപ്പുഴ-എറണാകുളം,തൃശൂര്‍-മലപ്പുറം എന്നിങ്ങനെ മേഖലകള്‍ തിരിച്ചാണ് സംഘം ദുരന്തബാധിത മേഖല സന്ദര്‍ശിക്കുന്നത്
സന്ദര്‍ശനത്തില്‍ ശേഷം സംഘം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രം പ്രത്യേക പാക്കേജ് കേരളത്തിന് പ്രഖ്യാപിക്കുക.