തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ കേരളാ ബിജെപി നടത്തുന്ന സമ്പർക്ക വാരത്തിന് തുടക്കമായി.മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ഡി ബാബുപോളിനെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലെത്തി സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന അദ്ധ്യക്ഷൻ പി കെ കൃഷ്ണദാസ്, ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളെപ്പറ്റി കുമ്മനം ഡോ ബാബുപോളിന് വിശദീകരിച്ച് നൽകി. കേന്ദ്രപദ്ധതികള്‍ അടങ്ങിയ ലഘുലേഖയും കുമ്മനം അദ്ദേഹത്തിന് കൈമാറി.
ദിവസം 12 ദിനപത്രങ്ങൾ വായിക്കുന്ന തനിക്ക് പോലും ഇത്രയധികം കേന്ദ്ര പദ്ധതികൾ ഉണ്ടെന്നുള്ള കാര്യം അറിയില്ലായിരുന്നുവെന്ന് ബാബുപോൾ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസർക്കാർ സാധാരണക്കാർക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികളെപ്പറ്റി ജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കാനുള്ള ബിജെപിയും ഈ ഉദ്യമം വലിയൊരു കാര്യമാണ്. അതിന് എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ ജി മാധവൻനായരെയും കുമ്മനം വീട്ടിലെത്തി സന്ദർശിച്ച് കേന്ദ്ര പദ്ധതികൾ വിശദീകരിച്ച് നൽകി.
പുതുവത്സര ദിനമായ ജനുവരി ഒന്നു മുതൽ ഒരാഴ്ചയാണ് സമ്പർക്ക യജ്ഞം നടത്തുക. ഈ ദിവസങ്ങളിൽ പ്രാഥമിക അംഗം മുതൽ സംസ്ഥാന അദ്ധ്യക്ഷൻ വരെയുള്ളവർ കേന്ദ്ര സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ വിശദാംശങ്ങളുമായി വീടുവീടാന്തിരം കയറിയിറങ്ങും. ജനുവരി 8 ന് പരിപാടി സമാപിക്കും.
https://www.youtube.com/watch?v=VoBdVViUIUU