മഹാ സംഭവമല്ല മായാനദി

FILM REVIEW - കെപി സുരേഷ് കുമാർ

നിർവചനങ്ങൾക്കപ്പുറമാണ് അനുഭൂതികൾക്കപ്പുറമാണ് പ്രണയം. രണ്ട് പേർക്കിടയിൽ ഉടമ്പടിയില്ലാത്ത വികാരം. അത് സാർത്ഥകമാക്കിയ പകർത്തിവെച്ച നിരവധി സിനിമകളും മലയാളത്തിലുണ്ടായിട്ടുണ്ട് എന്നാൽ അതിനൊക്കെ പൊളിച്ചെഴുതുകയാണ് മായാനദി എന്ന സിനിമ. ആഷിക് അബു സംവിധാനം ചെയ്‍‍‍‍ത ഈ റൊമാന്‍റിക് ഡ്രാമ ക്രാഫ്‍‍റ്റിൽ മികച്ച നിൽക്കുന്നുവെങ്കിലും പല പൊരുത്തക്കേടുകളും വഹിച്ചൊഴുകുകയാണ്.

കുടുംബജീവിതത്തിന്‍റെ ഭാരം മുഴുവൻ ചുമലിലേറ്റി തന്‍റെ സ്വപ്‍‍നപൂർത്തീകരണത്തിനായി പരിശ്രമിക്കുന്ന അപർണ രവിയും ഒരുദുരന്തത്തിൽ ഉറ്റവരും ഉടയവരും നഷ്‍‍ടപ്പെട്ട് മധുരയിൽ അൽപം കള്ളത്തരവുമായി കഴിയുന്ന ജോൺ മാത്യൂ എന്ന മാത്തനും തമ്മിലുളള പ്രണയമാണ് മായാനദിയുടെ കാതൽ. നഷ്‍‍ടപ്രണയത്തിന്‍റെ നോവുമായി ജീവിക്കുന്ന മാത്തൻ അവിചാരിതമായി കൊലയാളിയാകുന്നു. മധുരയിൽ നിന്ന് കൊടൈക്കനാലിലേക്ക് കള്ളപ്പണമെത്തിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിലെ ഒരംഗമായ മാത്തന് രക്ഷപ്പെടാനുള്ള തത്രപ്പാടിനിടയിലാണ് ഘാതകനാകേണ്ടിവന്നത്.

കയ്യിൽ വന്നുചേർന്ന പണവുമായി മധുരയിൽ നിന്ന് കൊച്ചിയിൽ പ്രണയിനിക്കരികിലെത്തിയ മാത്തന് പക്ഷെ പഴയ പ്രണയം തിരിച്ചെടുക്കാനാകുന്നില്ല. അവിടെയാണ് പ്രണയമായിരുന്നോ കാമമായിരുന്നോ അപ്പുവെന്ന അപർണയുടേത് എന്ന സംശയം പ്രേക്ഷകർക്കുണ്ടാകുന്നത്. പഠനകാലത്തെ പണവുമായി ബന്ധപ്പെട്ട ചില വിശ്വാസ തകർച്ചകൾ ഇതിന് ഉപോത്‍‍ബലമായി മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും പുതുതലമുറയുടെ ചില ബാലിശ്യങ്ങളായേ അത് തോന്നു.പിന്നീട് അറിഞ്ഞോ അറിയാതെയോ അപർണയും മാത്തനും അടുക്കുന്നിടത്ത് കഥ മറ്റൊരു പരിസരം തേടുകയാണ്.

അനുരാഗത്തിന്‍റെ ആരംഭകാലം പോലെ ഇരുവരുടേയും ശരീരങ്ങൾ തന്നെയാണ് ഇവിടെയും ഉപാധികളാകുന്നതും. ചുണ്ടുകളും ശരീരവും പ്രണയത്തിന്‍റെ ഉപാധികൾ മാത്രമാണെന്ന് പറഞ്ഞുവെക്കുന്നു മായാനദി. ഫെമിനിസത്തിന്‍റെ കാഴ്‍ചപ്പാടിൽ പെണ്ണിന്‍റെ ചെയ്‍‍തികൾക്കും നിലപാടുകളും ശരിവെച്ചുകൊടുക്കുന്ന പുതിയ ട്രെന്‍റി നിലപാടും ഉറപ്പിക്കുന്നു ഒരോ ഷോട്ടിലും ഓരോ വാക്കിലും സിനിമ. പ്രണയം പരിശുദ്ധമാണ് അവിടെ ശരീരത്തിന്‍റെ അഭിനിവേശങ്ങൾക്ക് സ്ഥാനമില്ല എന്ന യാഥാസ്ഥിതിക നിലപാട് പറഞ്ഞുവെക്കുകയല്ല, മറിച്ച് ശരീരത്തിന്‍റെ അലിഞ്ഞ് ചേരലിനപ്പുറം മനസിന്‍റെ ഒന്നാകലിന് അവിടെ സ്ഥാനമുണ്ട് എന്ന് പറയുന്നുവെന്ന് മാത്രം. മാത്തന്‍റെ പ്രണയത്തിനപ്പുറം അപർണയുടെ പ്രണയനിഷേധത്തിനാണ് സിനിമ അധികം സമയം കണ്ടെത്തുന്നത്.

ഉടലനക്കത്തിന്‍റെ ആലസ്യത്തിനൊടുവിൽ ജീവിതം സെറ്റിൽ ചെയ്യാൻ ദുബായിൽ പോകാമെന്ന നിർദേശം മുന്നോട്ടുവെക്കുന്നുണ്ട് മാത്തൻ. സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്നാണ് അപർണയുടെ മറുപടി. ഇത് മാത്തനാണ് പറഞ്ഞിരുന്നതെങ്കിൽ അത് ഏറ്റുപിടിച്ചേനേ സ്ത്രീ വാദികൾ. നിനക്കെന്താ നാണമാകുന്നുവോ എന്നൊരിടത്ത് അപ്പു മാത്തനോട് ചോദിക്കുന്നിടത്തും ഫെമിനിസത്തിന്‍റെ കരകവിഞ്ഞൊഴുക്കം കാണാം. പെണ്ണിന് പ്രണയിക്കാം ഉപാധികളില്ലാത്ത സെക്സാകാം മദ്യപിക്കാം ഇന്ന് ഇതൊരു കുറവല്ല സമൂഹം അംഗീകരിച്ച് കൊണ്ടിരിക്കുന്ന വസ്‍‍തുതതന്നെയാണ് എന്നും സ്‍‍ഥാപിച്ചെടുക്കുന്നുണ്ട് കഥാകാരനും തിരക്കഥാകാരനും സംവിധായകനും സിനിമയിൽ.

മാത്തനോടൊപ്പം ഒരു രാത്രി ഒരുമിച്ച് കഴിഞ്ഞ അപ്പുവിനെ ശകാരിക്കുന്നുണ്ട് അമ്മ. പ്രോസ്റ്റിറ്റ്യൂട്ട് എന്ന പദമാണ് അമ്മ ഉപയോഗിച്ചതെന്ന് അപ്പുതന്നെ പറയുന്നുമുണ്ട്. മറ്റൊരിക്കൽ അതേപദം മാത്തനും സാന്ദർഭികമായി ഉപയോഗിച്ചപ്പോൾ അവിടെയും പ്രകോപിതയാകുന്നു അപ്പു. തിരികെ തന്നിലേക്ക് സകല ശക്തിയുമായെത്തിയ മാത്തന്‍റെ പ്രണയത്തെ വലിച്ചെറിയാൻ അപ്പുവിനെ പ്രേരിപ്പിച്ചതും ഈ വാക്ക് തന്നെ.

പെണ്ണിന് എന്തുമാകാം അവിടെ ചോദ്യങ്ങളോ സംശയങ്ങളോ വേണ്ട എന്ന് ഇവിടെ അണിയറക്കാർ പറഞ്ഞുവെക്കുകയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ തെറ്റുപറയാൻ കഴിയുമോ. സമീറ എന്ന സിനിമാനടി അഭിനയം നിർത്തി ഭർത്താവിനൊപ്പം വിദേശത്തേക്ക് പോകേണ്ടി വരുന്ന അവസ്ഥയിൽ സുഹൃത്തോട് വിളിച്ചു പറയുന്നത് നീ കല്യാണംക ഴിക്കരുതെന്നാണ്. വിവാഹം പലതിനും തടസമാവുന്നുവെന്ന് സ്ഥാപിച്ചെടുക്കുന്നു ഈ സ്ത്രീകഥാപാത്രത്തിലൂടെ.

മായാനദി മുന്നോട്ടുവെക്കുന്നത് ഒരു മിസ്റ്റിക് തന്നെയാണ്. അത് പ്രണയത്തിലൊളിപ്പിച്ച ചില നവ കാഴ്‍‍ചപ്പാടുകളാണെന്നുമാത്രം. അവതരണത്തിലെ ഭംഗി, അധികമാകാത്ത വാക്കുകളുടെ കൃത്യത, പശ്ചാത്തല സംഗീതത്തന്‍റെ മോഹിപ്പിക്കുന്ന സാന്നിധ്യം. ഇതിലപ്പുറം മായാനദി മഹാസംഭവമാകുന്നേയില്ല. വിരഹത്തിന്‍റെ നോവ് പങ്കുവെക്കുന്നുവെങ്കിലും അത് അനുഭവിപ്പിക്കുന്നതിൽ പ്രണയ നദിയിലെ ചില വിഘ്‍‍നങ്ങൾ തടസമാവുകയാണ്.

കെ പി സുരേഷ് കുമാർ

മാദ്ധ്യമ പ്രവർത്തകൻ

Shares 892

Post Your Comments

Close