ഇറാൻ സർക്കാരിനെതിരായ പ്രക്ഷോഭം; 10 പേർ മരിച്ചു

ടെഹ്റാൻ: ഇറാന്‍ സർക്കാരിന്‍റെ സാമ്പത്തിക നയത്തിനെതിരായ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്. ഇറാന്‍ തലസ്ഥാനമായ ടെഹ‍്റാനിലേക്കും വ്യാപിച്ച പ്രക്ഷോഭത്തിൽ ഇതുവരെ 10 പേർ മരിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്‍തു.

ടെഹ്റാനിലെ എൻഘെലബ് ചത്വരത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധക്കാർക്കുനേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രക്ഷോഭം ശക്തിപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പ്രസിഡന്‍റ് ഹസന്‍ റൂഹാനി ആഹ്വാനം ചെയ്‍തു. രാജ്യത്തെ ശക്തിപ്പെടുത്തുന്നവയാണെങ്കിൽ ഏതു തരത്തിലുള്ള വിമർശനവും പ്രതിഷേധവും സ്വാഗതം ചെയ്യും. എന്നാൽ അക്രമത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, പ്രതിഷേധക്കാരെ പിന്തുണച്ച് അമേരിക്കയും രംഗത്തെത്തി. ഇറാനിൽ മാറ്റത്തിന് സമയമായെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാനിൽ ഭരണകൂടത്തിനുനേരെ 2009ൽ ഉയർന്ന വൻ പ്രതിഷേധത്തിനുശേഷം ആദ്യമായാണ് ഇത്രയും വലിയ പ്രതിഷേധം അരങ്ങേറുന്നത്.

Shares 182

Post Your Comments

Close