റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശിക്ഷ വെളളിയാഴ്ചത്തേക്ക് മാറ്റി.റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത് വെളളിയാഴ്ചത്തേക്ക് മാറ്റിയത്.
കാലിത്തീറ്റ കുംഭകോണം സംബന്ധിച്ച് ലാലുവിനെതിരെയുളള രണ്ടാമത്തെ കേസാണിത്.കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലാലുവിനെ പോലീസ് റാഞ്ചി ജയിലിലേക്ക് മാറ്റുകയായിരുന്നു.
പ്രായം കണക്കിലെടുത്ത് ലാലു പ്രസാദിന് ചെറിയ ശിക്ഷ മാത്രമേ നല്കാവു എന്നാണ് ലാലുവിന്റെ അഭിഭാഷകന്റെ വാദം.
1991-94 കാലയളവില്‍ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരില്‍ വ്യാജ രേഖകള്‍ ഹാജരാക്കി ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം പിന്‍വലിച്ച കേസില്‍ ലാലുപ്രസാദ് യാദവ് ഉള്‍പ്പടെ 15 പേര് കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.
കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യ കേസില്‍ ലാലുവിനെ അഞ്ച് വര്‍ഷം ശിക്ഷിച്ചിരുന്നു.ഈ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യത്തിലാണ് ലാലു.ആറ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുളള കാലിത്തീറ്റ കുംഭകോണ കേസില്‍ നാല് കേസുകള്‍ കൂടി കോടതിയുടെ പരിഗണനയിലാണ്.