ആക്രമണം കൊണ്ട് തോല്‍പ്പിക്കാനാകില്ല; ത്രിപുരയില്‍ താമര വിരിയും- അമിത് ഷാ

അഗര്‍ത്തല : ആക്രമണം കൊണ്ട് ബിജെപിയെ തോല്‍പ്പിക്കാനാകില്ല. ത്രിപുരയില്‍ താമര വിരിയും. മണിക്‌സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. അഗര്‍ത്തലയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. ആക്രമണം കൊണ്ട് അടിച്ചമര്‍ത്താമെന്ന് കരുതേണ്ട. ചുവപ്പന്‍ ഭീകരതയുടെ മണ്ണില്‍ കാവിക്കൊടി പാറിക്കുമെന്നും  അമിത് ഷാ പറഞ്ഞു.

പട്ടിണിയും തൊഴിലില്ലായ്മയും മൂലം ത്രിപുരയിലെ ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. 37 ലക്ഷം ജന സംഘ്യയുള്ള സംസ്ഥാനത്ത് 7 ലക്ഷത്തിലധികം യുവാക്കള്‍ തൊഴില്‍ ഇല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ പരിമിതമാണ്. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നതിന് പോലും കഴിഞ്ഞ 25 വര്‍ഷം ഭരിച്ചിട്ട് സിപിഎമ്മിന് കഴിഞ്ഞില്ല. മണിക് സര്‍ക്കാര്‍ അഴിമതി എത്ര മറച്ചുവെച്ചാലും ബിജെപി അതിനെ പുറത്തു കൊണ്ടു വരും. 25 വര്‍ഷത്തെ ഭരണം ത്രിപുരയെ പടവലങ്ങ പോലെ കീഴ്‌പ്പോട്ടാണ് വളര്‍ത്തിയതെന്നും അമിത് ഷാ പരിഹസിച്ചു. ഈ വര്‍ഷം ഫെബ്രുവരിയിലാകും ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

Post Your Comments

Close