ന്യൂഡല്‍ഹി: സജ്ഞയ് ലീല ബന്‍സാലി ചിത്രം പത്മാവത് ജനുവരി 25 ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ നിര്‍മാതാക്കളാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ചരിത്രത്തെ വഴച്ചൊടിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ഉപാധികളോടെയാണ് റിലീസിന് എത്തുന്നത്.
സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ചിത്രത്തിന്റെ പേര് പത്മാവതിയില്‍ നിന്നും പത്മാവത് എന്നാക്കിയാണ് പ്രദര്‍ശനത്തിനെത്തുന്നത്.
ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് രജപുത്ര കര്‍ണി സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതെ തുടര്‍ന്ന് ചിത്രത്തെ കുറിച്ച് പഠിക്കുന്നതിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആറംഗ വിദഗ്ദ്ധ സമിതിയ്ക്ക് രൂപം നല്‍കിയിരുന്നു.
ചരിത്രകാരന്മാരും നിരൂപകരും ഉള്‍പ്പെടുന്ന വിദഗ്ദ്ധ സമിതി ചിത്രം കണ്ട ശേഷമാണ് ഉപാധികളോടെ അനുമതി നല്‍കിയത്. ചിത്രത്തിന്റ പേര് പത്മാവതിയില്‍ നിന്നും പത്മാവത് എന്നാക്കണം, ചരിത്രത്തെ വളച്ചൊടിക്കുന്ന രംഗങ്ങള്‍ വരുമ്പോള്‍ മുന്നറിയിപ്പ് എഴുതി കാണിക്കണം, ചിത്രത്തിലെ ഗാന രംഗങ്ങളില്‍ മാറ്റം വരുത്തണം, സതി സമ്പ്രദായം ഒഴിവാക്കണം തുടങ്ങി അഞ്ച് നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.
ഉപാധികള്‍ അംഗീകരിച്ച് മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അതെസമയം ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും രജ പുത്ര കര്‍ണി സംഘടനകള്‍ വ്യക്തമാക്കി.
സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് രാജസ്ഥാനില്‍ ചിത്രം റിലീസ് ചെയ്യുന്നത് സര്‍ക്കാര്‍ നിരോധിച്ചു. റാണി പത്മാവതിയും ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന ആരോപണത്തെ തുടര്‍ന്നാണ് ചിത്രം വിവാദമായത്.