യൂസഫ് പഠാന് സസ്പെൻഷൻ

ന്യൂഡൽഹി : മീഡിയം പേസറും വെടിക്കെട്ട് ബാറ്റ്സ്മാനുമായ യൂസഫ് പഠാനെ ബിസിസിഐ അഞ്ച് മാസത്തേക്ക് സസ്പെൻഡ് ചെയ്തു . ഉത്തേജക മരുന്ന് ഉപയോഗിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2017 ആഗസ്റ്റ് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് സസ്പെൻഷൻ. ജനുവരി 14 ന് സസ്പെൻഷൻ അവസാനിക്കും.

2017 മാർച്ച് 20 നായിരുന്നു പരിശോധനയ്‌ക്കായി പഠാൻ മൂത്ര സാമ്പിൾ നൽകിയത് .ന്യൂഡൽഹിയിൽ നടന്ന ആഭ്യന്തര ടി 20 ചാമ്പ്യൻഷിപ്പിനിടെയായിരുന്നു ടെസ്റ്റ്. പരിശോധനയിൽ ടെർബുറ്റാലിൻ എന്ന നിരോധിത മരുന്നിന്റെ അംശം കണ്ടെത്തിയതോടെയാണ് ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയത്.

ചുമമരുന്നിലാണ് ടെർബുറ്റാലിൻ അടങ്ങിയിട്ടുള്ളത്. ഇത് ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെ നിരോധിത മരുന്നിൽ പെട്ടതാണ് . എന്നാൽ ശ്വാസനാളിയിൽ അണുബാധയുണ്ടായപ്പോൾ എടുത്ത മരുന്നാണിതെന്ന് പഠാൻ വിശദീകരിച്ചു. ഈ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചെറിയ ശിക്ഷയിൽ ഒതുങ്ങിയത്.

നേരത്തെ ഇന്ത്യൻ ഗോൾ കീപ്പർ സുബ്രതോപാലിനും ഈ മരുന്നുപയോഗിച്ചതിന് വിലക്കേർപ്പെടുത്തിയിരുന്നു.

Shares 181

Post Your Comments

Close