മിഥില മോഹൻ വധം : അന്വേഷണം സിബിഐക്ക്

കൊച്ചിയിലെ അബ്കാരിയായിരുന്ന മിഥിലാ മോഹന്‍ വധക്കേസില്‍ കേസന്വേഷണം സിബിഐക്ക്. ക്രൈബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലാത്ത കാരണത്താലാണ് നടപടി. ഹൈക്കോടതിയുടേതാണ് ഉത്തരവ്.

ക്രൈബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐയ്ക്ക് വിടണമെന്നുമാവശ്യപ്പെട്ട് മിഥില മോഹന്റെ മകൻ മനേഷ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. പ്രതികളെ പിടികൂടാന്‍ ക്രൈംബ്രാഞ്ചിന് കോടതിയനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. മാത്രമല്ല കൊലപാതകത്തില്‍ ശ്രീലങ്കന്‍ ബന്ധമുണ്ടെന്നും എല്‍ടിടിഇയുടെ പങ്ക് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. ഇതോടെയാണ് നേരറിയാന്‍ സിബിഐ വരട്ടെയെന്ന നിലപാടിലേക്ക് കോടതി എത്തിയത്.

2006 ഏപ്രിൽ അഞ്ചിന് രാത്രിയാണ് മിഥില മോഹൻ വെടിയേറ്റ് മരിച്ചത്. മുഖം മറച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം മോഹനുനേരെ വെടിയുതിർത്ത ശേഷം രക്ഷപെടുകയായിരുന്നു. മറ്റൊരു അബ്കാരിയായ മാമ്പുള്ളി കണ്ണൻ, മിഥില മോഹനെ വെടിവച്ച് കൊല്ലാൻ തമിഴ്നാട്ടുകാരായ വാടക ഗുണ്ടകൾക്ക് പത്ത് ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയെന്നായിരുന്നു കേസ്. മിഥില മോഹന്റെ അനുയായികൾ കണ്ണന്റെ സ്പിരിറ്റ് ലോറി മോഷ്ടിച്ചതാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് ഇരുവരും തമ്മിലുള്ള കുടിപ്പക വളര്‍ന്ന് കൊലയില്‍ കലാശിക്കുകയായിരുന്നു.

Shares 203

Post Your Comments

Close