ബംഗളൂരു: ഐഎസ്ആര്‍ഒ ചെയര്‍മാനായി ഡോ. കെ ശിവന് ഇന്ന് ചുമതലയേല്‍ക്കും. ഒമ്പതാമത്തെ ഡയറക്ടറായാണ് അദ്ദേഹം ഐഎസ്ആര്‍ഒയില്‍ എത്തുന്നത്.
നിലവിലെ ഐഎസ്ആര്‍ഒ ചെയര്‍മാനായ എ എസ് കിരണ്‍ കുമാര്‍ ഈ മാസം പതിനാലിന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചെയര്‍മാനായി കെ.ശിവന് ചുമതയേല്‍ക്കുന്നത്.
നിലവില്‍ വിക്രം സാരാഭായി സ്പേസ് സെന്റര്‍ ഡയറക്ടറാണ് കെ.ശിവന്.പിഎസ്എല്‍വി പ്രജോക്ടിന്റെ ഭാഗമായി 1982 ലാണ് ഇദ്ദേഹം ഐഎസ്ആര്‍ഒയില്‍ ജോലിയില്‍ പ്രവേശിച്ചത്.
ഗ്രൂപ്പ് ഡയറക്ടര്‍,പ്രൊജക്ട് ഡയറക്ടര്‍,ടെക്നോളജി ഡെമോണ്‍സ്ട്രറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1980ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം ഐഐടി ബോംബെയില്‍ നിന്ന് എയറോസ്പേസ് എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റും സ്വന്തമാക്കി.
പ്രഗദ്ഭരായ നിരവധി വ്യക്തിത്വങ്ങള്‍ വഹിച്ച പദവി ഏറ്റെടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
നിരവധി ഉത്തരവാദിത്വങ്ങള്‍ ഉള്ള പദവിയാണ് താന്‍ ഏറ്റെടുക്കാന്‍ പോകുന്നതെന്നും പദവിയോട് നീതി പുലര്‍ത്താനാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്ആര്‍ഒ ആന്‍ഡ് സ്പേസ് കമ്മീഷന്റെ ചെയര്‍മാനായും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്പേസിന്റെ സെക്രട്ടറിയായും മൂന്ന് വര്‍ഷം ഇദ്ദേഹം ചുമതല വഹിക്കും. .